Home » , » ഒളിച്ചോട്ടത്തിന്റെ പിന്നാമ്പുറങ്ങള്‍

ഒളിച്ചോട്ടത്തിന്റെ പിന്നാമ്പുറങ്ങള്‍

Written By Admin on Dec 20, 2010 | 8:18 PM

ണ്ണൂരിന്റെ ഹൃദയഭാഗത്ത്‌ താമസിച്ചിരുന്ന നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ ഗള്‍ഫുകാരന്റെ സുന്ദരിയായ ഭാര്യ മൂന്നു കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച്‌ തൊട്ടടുത്ത കടയിലെ സ്വര്‍ണ്ണപ്പണിക്കാരന്റെ കൂടെ ചെന്നൈലേക്കു ഒളിച്ചോടി. ഭാര്യ ഒളിച്ചോടി എന്നറിഞ്ഞ ഭര്‍ത്താവ്‌ നാട്ടില്‍ തിരിച്ചെത്തി മനസ്സ്‌ തകര്‍ന്നിരിക്കുമ്പോള്‍ മറ്റൊരു വാര്‍ത്ത അറിയുന്നു. ഒളിച്ചോടിയ ഭാര്യ പയ്യന്നൂരില്‍ ഒരു വീട്ടില്‍ ജോലീക്ക്‌ നില്‍ക്കുന്നു. ഇത്‌ കേട്ട ഉടനെ അവളുടെ ഉപ്പയും, ഉമ്മയും പയ്യന്നൂരിലെത്തി അവളെ കൂട്ടിക്കൊണ്ട്‌ വരികയും പോലീസില്‍ പരാതിപ്പെടുകയും ചെയ്‌തു. പോലീസ്‌ കോടതിയില്‍ ഹാജരാക്കി. തന്റെ ഇഷ്ടപ്രകാരം കാമുകനോടൊപ്പൊം പോയതാണെന്നും, ഇനി മാതാപിതാക്കളോടൊപ്പം പോകാനാണു താല്‍പര്യമെന്നും അവള്‍ കോടതിയില്‍ പറഞ്ഞു.

Olichottam ഒളിച്ചോട്ടത്തിന്റെ പിന്നാമ്പുറങ്ങള്‍
അതനുസരിച്ച്‌ കോടതി അവളെ മാതാപിതാക്കളോടൊപ്പൊം വിട്ടു .തന്റെ കയ്യിലുള്ള പണവും പണ്ടവും തീര്‍ന്നപ്പോള്‍ അയാള്‍ തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും, സഹികെട്ടപ്പോള്‍ ചെന്നൈയില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗം പയ്യന്നൂരില്‍ എത്തി ജോലിക്ക്‌ നില്‍ക്കുകയാണുണ്ടായതെന്നും അവള്‍ പറഞ്ഞു. കഥ ഇവിടെയും തീര്‍ന്നില്ല. കുറച്ചു നാളുകള്‍ക്കു ശേഷം കാമുകന്‍ അവളെ അന്വേഷിച്ചെത്തി. ഇനി നമുക്ക്‌ ഒന്നിച്ചു ജീവീക്കാമെന്നും, പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്നും അവളെ പറഞ്ഞു വിശ്വസിപ്പിച്ചു. അവള്‍ അതും വിശ്വസിച്ച്‌ അവന്റെ കൂടെ ഇറങ്ങിപ്പോയി. ഈ സംഭവം കഴിഞ്ഞു കുറച്ചു മാസങ്ങള്‍ക്ക്‌ ശേഷം കോയമ്പത്തൂരിലെ തെരുവില്‍ മനോരോഗിയായ സുന്ദരിയായ ഒരു മലയാളി സ്‌ത്രീ ഭിക്ഷയാചിച്ചു നടക്കുന്ന കാര്യം മാധ്യമ പ്രവര്‍ത്തകനായ ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു.
കണ്ണൂരിലെത്തന്നെ മറ്റൊരു ഗള്‍ഫ്‌കാരന്റെ ഭാര്യയുടെ കഥ ഇങ്ങനെ. വീട്ടുകാരൊക്കെ ഉറങ്ങിക്കിടക്കുമ്പോള്‍ ആഭരണങ്ങളും, പണവുമെടുത്ത്‌ കുട്ടിയേയും കൊണ്ട്‌ ഏതാനും ദിവസത്തെ പരിചയം മാത്രമുള്ള തെക്കന്‍ ജില്ലക്കാരനായ ആശാരിയോടൊപ്പൊം ഒളിച്ചോടി. ഉപ്പയും ആങ്ങളമാരും കേസ്‌ കൊടുത്തു. കോടതിയില്‍ ഹാജരായ മകള്‍ കാമുകനോടൊപ്പൊം പോകാനാണ്‌ താല്‍പര്യം എന്നറിയിച്ചു. കുട്ടിയെ വിട്ട്‌ കിട്ടണമെന്ന്‌ ഉപ്പയും ആങ്ങളമാരും.വിട്ട്‌ തരില്ലെന്ന്‌ കാമുകനും കൂടീവന്ന ആള്‍ക്കാരും. കോടതിപരിസരത്ത്‌ കൂട്ടത്തല്ല്‌. പോലീസ്‌ ലാത്തിവീശി. ഉപ്പാക്കും ആങ്ങളമാര്‍ക്കുമെതിരെ കേസെടുത്തു.
ഒരുമാസം പോലും പൂര്‍ത്തിയാകുന്നതിനു മുമ്പേ കാമൂകന്റെ ദേഹോപദ്രവം സഹിക്കവയ്യാതെ പാതിരാത്രി കാമുകന്റെ ദേഹത്ത്‌ ചുടുവെള്ളം ഒഴിച്ച്‌ രക്ഷപ്പെട്ട്‌ അവള്‍ മാതാപിതാക്കളുടെ അടുത്ത്‌ അഭയം തേടി. ഭര്‍ത്താവിനും, കുടുബത്തിനും, നാട്ടുകാര്‍ക്കും വേണ്ടാതായ ഒറ്റപ്പെട്ട അവള്‍ തിരിച്ച്‌ കാമൂകന്റെ അടുത്തേക്ക്‌ തന്നെ പോയി. ശേഷമുള്ള കഥ ഊഹിക്കാവുന്നതെയുള്ളു.


ഇത്‌ നമ്മുടെ തൊട്ടടുത്ത ജില്ലയായ കണ്ണൂരിലെ കഥ. ഇതിവിടെ ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്ത്‌ കുറിക്കാന്‍ കാരണം ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ കണ്ട ഒരു വാര്‍ത്തയാണ്‌. ഗള്‍ഫുകാരന്റെ 40 വസ്സുള്ള ഭാര്യ തിരുവനന്തപുരം സ്വദേശിയായ തേപ്പ്‌പണിക്കാരന്റെ കൂടെ ഒളിച്ചോടിയ വാര്‍ത്ത. സുമുഖനും, സമ്പന്നനുമായ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ വിരൂപിയും, ദരിദ്രനുമായ കല്ല്‌ വെട്ടുകാരന്റെ കൂടെയും, അമ്മികൊത്തുകാരന്റെ കൂടെയുമൊക്കെ ഈ പെണ്ണുങ്ങള്‍ ഒളിച്ചോടുന്നതിന്റെ പിന്നാമ്പുറ ശാസ്‌ത്രം അധികമാരും ഇതുവരെ അന്യേഷിച്ചതായി അറിവില്ല.
പണവും, പ്രതാപവും, സുഖസൌകര്യവുമുണ്ടെങ്കില്‍ കുടുംബം ഭദ്രമാണെന്ന്‌ കരുതുന്ന ഭര്‍ത്താക്കന്മാരുടെ അജ്ഞത തന്നെയാണു ഭാര്യമാരുടെ ഒളിച്ചോട്ടത്തിനു മുഖ്യകാരണം എന്നുപറഞ്ഞാല്‍ ഒരു വേള നിഷേധിക്കാന്‍ കഴിയില്ല. പുതുപുത്തന്‍ വസ്‌ത്രങ്ങളും, മേനി നിറയെ ആഭരണങ്ങളും വാങ്ങി അണിയിച്ചത്‌ കൊണ്ടൊന്നും ഒരു സ്‌ത്രീ പൂര്‍ണ്ണ സംതൃപ്‌തയാവണമെന്നില്ല. ഭര്‍ത്താവിനു അവളുടെ ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുമ്പോള്‍ അവള്‍ അന്യപുരുഷന്റെ ചൂടും, ചൂരും തേടിപ്പോകുമെന്നുള്ളതിനു സമകാലിക സംഭവങ്ങള്‍ തന്നെ തെളിവാകുന്നു. വസ്‌ത്രവും,ഭക്ഷണവും പോലെത്തന്നെ അവളുടെ ശാരീരിക ആവശ്യങ്ങളും അവള്‍ക്ക്‌ നിറവേറ്റിക്കൊടുക്കേണ്ടതുണ്ട്‌. ഭര്‍ത്താവില്‍ നിന്നും പൂര്‍ണ്ണ സംതൃപ്‌തി ലഭിക്കാതെ വരുമ്പോള്‍ അത്‌ വരെ ജീവിച്ച ഭൗതിക ചുറ്റുപാടുകളും, അത്‌ വരെ കൊണ്ട്‌നടന്ന ആത്മീയ ആചാരങ്ങളും ഒക്കെ തമസ്‌കരിച്ച്‌ അന്യന്റെ കൂടെ ഇറങ്ങിപ്പോകുന്നു എന്നുള്ളതാണു വസ്‌തുത.


മൂക്ക്‌മുട്ടെ മട്ടന്‍ ബിരിയാണിയും തിന്നു കൊഴുപ്പ്‌കൂട്ടി സമ്പന്നതയുടെ അടയാളമെന്നഭിമാനിച്ച്‌ കുംഭയും വീര്‍പ്പിച്ച്‌ വിജയഭാവത്തോടെ നടക്കുന്ന പുരുഷവര്‍ഗ്ഗം കിടപ്പറയില്‍ പരാജിതനാകുന്നതിന്റെ ഭവിഷ്യത്ത്‌ ഇനിയും കൂടുതല്‍ വൈകാതെ ഗൗരവമായി സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. ഭര്‍ത്താവിന്റെ കഴിവും, കഴിവില്ല്‌ലായ്‌മയും സഹിച്ച്‌ ഇരുള്‍ മുറിയിലെ ഇടുങ്ങിയ കിളിവാതിലിലൂടെ മാവ്‌ പൂത്തതും, കരിക്ക്‌ വീണതും കണ്ടിരുന്ന ആ പഴയ കാച്ചിമുണ്ടുപെണ്ണുങ്ങളുടെ കാലമല്ല ഇത്‌. ആധുനികമായ എല്ലാ വിധ സുഖസൗകര്യങ്ങളുടെയും ശീതളച്ചായയില്‍ നീരാടുന്ന നമ്മുടെ നാട്ടിലെ സ്‌ത്രീകള്‍, നഗരത്തിലെ ടെക്‌സ്‌ ടൈല്‍ ഷോപ്പുകളിലും, ഫാന്‍സികടകളിലും പഞ്ചാരവിതറി കൊഞ്ചിക്കുഴയുന്നത്‌ ഇന്നൊരു നിത്യകാഴ്‌ചയാണ്‌. സീരിയലും,ആല്‍ബവും കണ്ടാസ്വദിച്ച്‌, വന്നതും വരാത്തതുമായ മിസ്സ്‌കോളുകള്‍ക്ക്‌ ഏറെനേരം മറുപടിയും കൊടുത്ത്‌ 100 ശതമാനം ഫ്രീഡത്തോടെ ജീവിതം ആസ്വദിച്ച്‌ കഴിയുന്ന ആധുനിക സ്‌ത്രീ ഒന്നിലേറെ പുരുഷന്റെ സാമീപ്യം ആഗ്രഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.
ഈയിടെയായി കേള്‍ക്കുന്ന എല്ലാ ഒളിച്ചോട്ടത്തിന്റെയും തുടക്കം മിസ്സ്‌കോളില്‍ നിന്നാണ്‌. കുമ്പളയിലെ ഫൂട്ട്‌ വെയര്‍ വ്യാപാരിയുടെ ഭാര്യ, ബന്തിയോട്ടെ ഗള്‍ഫുകാരന്റെ ഭാര്യ, ഉപ്പളയിലെ കപ്പല്‍ ജീവനക്കാരന്റെ മകള്‍, മേല്‍പറമ്പിലെ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി തുടങ്ങി അനേകം ഒളിച്ചോട്ടങ്ങളിലെ വില്ലന്‍ മൊബൈല്‍ ഫോണാണെന്നകാര്യം ആഡംബരത്തിനും, പൊങ്ങച്ചത്തിനും വേണ്ടി ഭാര്യക്കും, മകള്‍ക്കും മൊബൈല്‍ വാങ്ങി നല്‍കുന്ന നമ്മുടെയൊക്കെ കണ്ണ്‌ തുറപ്പിക്കേണ്ടതാണ്‌.


വീട്ടില്‍ ലാന്‍ഡ്‌ഫോണ്‍ സൌകര്യമുള്ളപ്പോള്‍ ഭാര്യക്ക്‌ ഒരു മൊബൈല്‍ ഫോണിന്റെ ആവശ്യമുണ്ടോ ? ഒരു പുനര്‍ചിന്തനത്തിനു ഇനിയും കൂടുതല്‍ സമയമില്ല. കുലമഹിമയും, കുടുംബമഹിമയുമൊന്നും ഒളിച്ചോട്ടത്തിനു തടസ്സമാകുന്നില്ല. ഏതൊരു കുടുംബത്തിലും എപ്പോഴും സംഭവിക്കാവുന്ന ഒരു ദുരന്തമാണത്‌. തികഞ്ഞ ശ്രദ്ധയും, ബോധവല്‍ക്കരണവുമുണ്ടെങ്കില്‍ ഈ അപകടത്തില്‍ നിന്നും, അപമാനത്തില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാന്‍ കഴിയും. ജാഗ്രതൈ…
Moideen Angadimugar ഒളിച്ചോട്ടത്തിന്റെ പിന്നാമ്പുറങ്ങള്‍
Moideen Angadimugar
-മൊയ്‌തീന്‍ അംഗടിമുഗര്‍
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger