Home » , , , » "ന്‍റെ ഉപ്പപാക്ക് ഒരു തോക്കുണ്ടായിരുന്നു"

"ന്‍റെ ഉപ്പപാക്ക് ഒരു തോക്കുണ്ടായിരുന്നു"

Written By Admin on Jul 5, 2011 | 1:50 PM

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനു കിഴക്കുള്ള റാണിപുരം അരികെയുണ്ടായിട്ടും എത്തിപ്പെടാന്‍ സാധിച്ചിട്ടില്ലാത്ത, കാണാന്‍ ഒരുപാട് ആഗ്രഹിച്ച വിനോദസഞ്ചാരകേന്ദ്രമായിരുന്നു. ഞങ്ങള്‍ കൂട്ടുകാര്‍‍ റാണിപുരം ട്രിപ്പ്‌ മൂന്നു പ്രാവശ്യം പ്ലാന്‍ ചെയ്തുവെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നിരുന്നില്ല.
     അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങള്‍ നാല് കൂട്ടുകാര്‍ റാണിപുരത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍  പുറപ്പെട്ടു. ട്രെയിന്‍ സുഹൃത്തുക്കളായ ഞങ്ങളുടെ സ്ഥിരം തട്ടകമായ 'മംഗലാപുരം - ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്സ്‌ ' വണ്ടിയില്‍ രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് എത്താമെന്നായിരുന്നു ഞങ്ങളുടെ കണക്കുക്കൂട്ടല്‍. ഇങ്ങനെയുള്ള യാത്രകളിലെ സ്ഥിരം മെമ്പര്‍മാരായ ബൈജുവും ശഫീകും ഞാനും കൂടാതെ ശാഫറും ഞങ്ങളുടെ കൂടെ വരാന്‍  താല്പര്യപ്പെട്ടു. ശാഫറും ഞാനും കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍‍ എത്തിയപ്പോഴാണ് ഉപ്പളയില്‍ ‍ നിന്ന് കയറേണ്ട ബൈജു  തനിക്ക് ട്രെയിന്‍ മിസ്സായി എന്നറിയിച്ചു വിളിച്ചത്. എന്തായാലും ഞങ്ങള്‍‍ ഈ വണ്ടിക്ക് തന്നെ പോവുന്നെന്നും താന്‍  അടുത്ത വണ്ടിയില്‍ വന്നാല്‍‍ മതിയെന്നും കാഞ്ഞങ്ങാട് കാത്തു നില്‍ക്കാമെന്നും അവനെ അറിയിച്ചു ഞങ്ങള്‍‍‍ കോട്ടിക്കുളം സ്റ്റേഷനില്‍ നിന്ന് കയറിയ ശഫീകുമായി കാഞ്ഞങ്ങാട് ഇറങ്ങി ബൈജുവിനെ കാത്തു പ്ലാറ്റ്ഫോമില്‍ വിശ്രമിച്ചു.  ഇന്ത്യന്‍ റെയില്‍വേയില്‍ സ്ഥിരഅംഗത്വമുള്ള ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.....!                    പ്രഭാതത്തിന്‍റെ കുളിരും മനസ്സിലെ ത്രില്ലും അനുഭവിച്ചു പ്ലാറ്റ്ഫോമിലിരുന്ന ഞങ്ങളുടെ മനസ്സുകളില്‍ പല ഓര്‍മകളും തത്തിക്കളിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ശഫീകിന്‍റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി....! " നമ്മള്‍ കാട്ടിലേക്കല്ലേ പോവുന്നത്, അവിടെ മുയലും മറ്റു മൃഗങ്ങളും ഉണ്ടാവില്ലേ. തോക്ക് ഉണ്ടായിരുന്നുവെങ്കില്‍‍ വെടിവെച്ചു വേട്ടയാടാമായിരുന്നു" - ഷഫീക് പറഞ്ഞു. പിന്നീടായിരുന്നു ശഫീകിന്‍റെ പ്രശസ്തമായ ഉദ്ധരണി വെളിച്ചം കണ്ടത്(പിന്നീടു ഞങ്ങളത്‌ പറഞ്ഞു പ്രശസ്തമാക്കിയതാണ്) - " ന്‍റെ ഉപ്പപ്പാക്ക് ഒരു തോക്കുണ്ടായിരുന്നു, രണ്ടു കുഴലുകളുള്ള നീളമുള്ള ഒരു തോക്ക്!". ഇപ്പോള്‍ ആ തോക്ക് തന്‍റെ അമ്മാവന്‍റെ കൈയിലാണെന്നും അത് കിട്ടിയിരുന്നെങ്കില്‍ വേട്ടയാടാമായിരുന്നു എന്നും ഷഫീക് തട്ടിവിട്ടു. ഷഫീക് തന്‍റെ ഉപ്പാപ്പയുടെ വീരസാഹസികകൃത്യങ്ങള്‍ വിവരിച്ചു കൊണ്ടിരുന്നത് കേട്ട ഷാഫറിന്‍റെ തലയിലും ഒരു കൊള്ളിയാന്‍ മിന്നി. തന്‍റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു കൊണ്ട് ശാഫര്‍ , "പണ്ട് ഞാന്‍ ആദൂരില്‍ പോയിരുന്നപ്പോള്‍ അവിടെയൊക്കെ ആള്‍ക്കാര്‍ രാത്രിയിലാണ് മീന്‍ പിടിക്കുന്നത്. മീന്‍ ഉറങ്ങുമ്പോള്‍ ഒരു വടിയെടുത്തു അടിച്ചു കൊല്ലും". ഇത് കേട്ടു ഞങ്ങള്‍ ചിരിച്ചു മണ്ണ് കപ്പി. അപ്പോഴാണ്‌ ശഫീകിന്‍റെ മനസ്സില്‍ രണ്ടാമത്തെ ലഡ്ഡു പൊട്ടിയത്....! താന്‍ ചെറുപ്പത്തില്‍ പട്ലയിലുള്ള ബന്ധുവീട്ടില്‍ പോയി ചെമ്മീന്‍ പിടിച്ചിട്ടുണ്ട് എന്നും അതിന്‍റെ രീതികളെ കുറിച്ചും ഞങ്ങളോട് പറഞ്ഞു പിടിപ്പിച്ചു. അങ്ങനെ സൊറ പറഞ്ഞിരിക്കുന്ന ഞങ്ങളുടെ എതിരായി ഇരുന്ന ഒരു തട്ടമിട്ട സുന്ദരി ശഫീകിനെ ത്തന്നെ നോക്കികൊണ്ടിരുന്നു - 'രൂക്ഷമായി'..! തട്ടമിട്ട സുന്ദരിയെ കണ്ടതോടെ ഷഫീക് തനിക്ക് നടുവേദനയാണെന്നും മല കയറാന്‍ പറ്റില്ലെന്നും പറഞ്ഞു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ബൈജു എത്തിയതോടുകൂടി ശഫീകിനെ പിടിച്ചു കൊണ്ട് പോയി ഞങ്ങള്‍ കാഞ്ഞങ്ങാട് ടൌണിലേക്ക് നടന്നു.
       വിശപ്പിന്‍റെ വിളി തുടങ്ങിയത് കൊണ്ട് എന്തെങ്കിലും കഴിച്ചിട്ടാവാം യാത്രയെന്ന് തീരുമാനിച്ചു ഒരു ഹോട്ടലില്‍ കയറി. ദോശയും ഇഡലിയും വെള്ളയപ്പവും ഇടിയപ്പവുമുണ്ട്  എന്ന് പറഞ്ഞ സപ്ലയറിനോട് തനിക്ക് ഇതൊന്നും വേണ്ട നൂല്‍പുട്ട് ഉണ്ടോ എന്നായിരുന്നു ശഫീകിന്‍റെ അന്വേഷണം. ഇടിയപ്പം തന്നെയാണ് നൂല്‍പുട്ട് എന്ന് സപ്ലയര്‍ പറഞ്ഞപ്പോള്‍ നല്ലൊരു ഇരയെ കിട്ടിയത് ഉപയോഗിച്ച് ഞങ്ങള്‍ മൂന്നു പേരും അവനെ കളിയാക്കി. അങ്ങനെ നാല് വെള്ളയപ്പത്തിനു ഓര്‍ഡര്‍ കൊടുത്തു കാത്തിരുന്ന ഞങ്ങളുടെ മുമ്പില്‍ നാല് പ്ലേറ്റ് അപ്പം വെക്കുകയും തുടര്‍ന്ന് നാല് ഗ്ലാസ്‌ വെള്ളം ഒറ്റക്കയ്യില്‍ പിടിച്ചു ടേബിളിലേക്ക് വെച്ചതും സപ്ലയറുടെ കൈ വഴുതി എല്ലാ പ്ലേറ്റ്കളിലും വെള്ളം നിറഞ്ഞു കിടന്നു. ഇത് കണ്ട ബൈജുവിന്‍റെ കമന്റ്‌‌ - "ഇപ്പോഴാണ് ഇത് യഥാര്‍ത്ഥ വെള്ളയപ്പമായത്, പ്ലേറ്റില്‍ വെള്ളവുമായി അപ്പവുമായി". ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ എന്‍റെ ഉപദേശം ഇതായിരുന്നു - "ലേറ്റ് ആവാന്‍ സമയമില്ല, വേഗം പോവാം". അങ്ങനെ എനിക്കും കണക്കിന് കിട്ടി. വയറും നിറച്ച് ഞങ്ങള്‍ ബസ്‌സ്റ്റാന്റ്ലേക്ക് വിട്ടു.
              ബസ്‌സ്റ്റാന്റ്ന്‍റെ പിറകില്‍ ബസ്‌ നില്‍ക്കുന്നത് കണ്ട ഞങ്ങള്‍ ജനാലക്കരികിലുള്ള സീറ്റില്‍ ഇരുന്നു പ്രകൃതിഭംഗി ആസ്വദിക്കാം എന്ന്  കരുതി ഓടിയത് മിച്ചം, ബസ്‌ മുഴുവന്‍ ആളുണ്ടായിരുന്നു. തിങ്ങിനിറഞ്ഞ ബസില്‍ ശരീരം അനക്കാന്‍ പറ്റാത്തത്ര തിരക്കില്‍ കഷ്ട്ടപെട്ടു  ഞങ്ങള്‍ റാണിപുരം ലകഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു. ടിക്കറ്റ്‌ എടുക്കാന്‍ വന്ന കണ്ടക്ടറിനോട് ഇരിക്കുന്നവരില്‍ അടുത്തുള്ള സ്റ്റോപ്പ്‌കളില്‍ ഇറങ്ങാനുള്ളവരെക്കുറിച്ച് സെന്‍സസ് എടുക്കുകയും അതനുസരിച്ച് ഓരോരുത്തരും പെട്ടെന്ന് ഇറങ്ങുന്നവരുടെ സീറ്റില്‍ പറ്റിച്ചേര്‍ന്നു സീറ്റിനായി കാത്തുനിന്നു. സീറ്റിലിരുന്ന ഒരു വൃദ്ധന്‍ ഇടയ്ക്കിടയ്ക്ക് എണീക്കുമ്പോള്‍ ഞങ്ങള്‍ അയാളുടെ അടുത്തേക്ക് ആര്‍ത്തിയോടെ സീറ്റ്‌ പിടിക്കാനായി പറ്റിച്ചേരുകയും ഓരോ തവണയും അയാള്‍ ഞങ്ങളെ പറ്റിച്ചു ഉടുമുണ്ട് ശരിയാക്കി വീണ്ടും ഇരിക്കുകയും ചെയ്യും. ഇത് കുറെ പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ അവസാനം ക്ഷമകെട്ടു ഞങ്ങള്‍ അയാളോട് ചോദിച്ചു - "ശരിക്കും നിങ്ങള്‍ എവിടെയാണ് ഇറങ്ങുന്നത്?." കുറച്ചു ദൂരം ഇങ്ങനെ സീറ്റിനായി കാത്തുനിന്ന് സാവധാനത്തില്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കായി സീറ്റ്‌ ലഭിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒരു വിധത്തില്‍ ഞങ്ങള്‍ പനത്തടിയില്‍ എത്തി.
ബസ്‌ പനത്തടിയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി.  ഇനി ജീപ്പിലാണ് പോകേണ്ടത്. അവിടെയുള്ള കടയില്‍ നിന്നും ശരീരം ചാര്‍ജ് ചെയ്യാനുള്ള സാധനങ്ങള്‍ വാങ്ങിച്ചു. രണ്ടു കുപ്പി വെള്ളവും ബിസ്കറ്റ് പാക്കറ്റ്കളും ഓറഞ്ച്കളുമായിരുന്നു വാങ്ങിച്ചത്. ജീപ്പ് റാണിപുരം റോഡില്‍ നിര്‍ത്തിയിരിക്കുന്നു. ജീപ്പിനു അടുത്തേക്ക് ചെന്നപ്പോള്‍ പിന്‍ഭാഗത്തെ സീറ്റില്‍ ആള്‍ക്കാര്‍ നിറഞ്ഞിരിക്കുന്നു. മുന്‍സീറ്റില്‍ മൂന്ന് പേര്‍ക്ക് അടുപ്പിച്ചു ഇരിക്കാം. എന്നാലും ഞങ്ങളില്‍ ഒരാള്‍ ബാക്കിയാവും. ശഫീകിനോട് പിന്നിലെ കമ്പിയില്‍ തൂങ്ങി നില്‍ക്കാന്‍ ഞങ്ങള്‍ പറഞ്ഞു. മൂന്നും നാലും മണിക്കൂര്‍ ഫോണില്‍ തൂങ്ങി സംസാരിക്കുന്ന ശഫീകിനു ജീപ്പില്‍ അരമണിക്കൂര്‍ തൂങ്ങി നില്‍ക്കാന്‍ പറ്റില്ലത്രേ..! അവനെ ഒരു വിധം നിര്‍ബന്ധിപ്പിച്ചു തൂങ്ങിപ്പിടിപ്പിച്ചു. കുട്ടന്‍ എന്നാ സാരഥിയുടെ ജീപ്പില്‍ ആളുകളെ കുത്തി നിറച്ചു കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ ചരിഞ്ഞും കുലുങ്ങിയും ഞങ്ങള്‍ ലകഷ്യസ്ഥാനത്തേക്ക് എത്തിച്ചേര്‍ന്നു.
                 ജനവാസം തീരെ കുറവായ ശാന്തമായ ഒരു സ്ഥലമായിരുന്നു റാണിപുരം ട്രെക്കിങ്ങിനുള്ള സ്റ്റാര്‍ട്ടിംഗ് പോയിന്റ്‌. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന് മേല്‍നോട്ടത്തിലുള്ള സഞ്ചാരികള്‍ക്കുള്ള ഗസ്റ്റ് ഹൗസിന്‍റെ പണി അവിടെ പുരോഗമിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ച കുറച്ചു മനുഷ്യര്‍. വീടുകളെല്ലാം അകലെയായിട്ടാണ്‌ സ്ഥിതിചെയ്യുന്നത്. തൊഴിലാളികളോട് വഴി ചോദിച്ചു. ഞങ്ങളുടെ സാഹസികയാത്രയുടെ തുടക്കം മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കിയ ഒരു അരുവിയില്‍ നിന്നായിരുന്നു. വേനലിന്‍റെ ആരംഭമായതിനാല്‍ കുറച്ചു വെള്ളം ഒഴുകുന്നുണ്ടായിരുന്ന അരുവിയില്‍ കൈയും കാലും മുഖവും കഴുകി ഫ്രഷ്‌ ആയി.  അരുവിക്ക്‌ കുറുകെയായി പൊട്ടിപൊളിഞ്ഞ, ബ്രിട്ടീഷ്‌നിര്‍മ്മാണരീതി ഓര്‍മ്മിപ്പിക്കുന്ന ഒരു പാലമുണ്ട്. അതി കയറി നിന്നും ഇരുന്നും ചരിഞ്ഞും കുനിഞ്ഞും വിവിധതരം ഫോട്ടോകള്‍ എടുത്തു.
          ആദ്യം ലളിതമായ മലകയറ്റം പോലെ അനായാസമായിരുന്നു കാട്ടിലൂടെയുള്ള ട്രെക്കിംഗ്. പിന്നീട് കയറ്റം കുത്തനെയായിത്തുടങ്ങി. മരങ്ങള്‍ തിങ്ങി നിറഞ്ഞ പാതയിലൂടെയായിരുന്നു നടത്തം. കരിയിലകള്‍ നിറഞ്ഞു മണ്ണ് കാണാനാവാത്ത വിധമായിരുന്നു കാട്. ഇടയ്ക്ക് ഈ ഇലകളില്‍ ചവിട്ടി തെന്നുന്നുമുണ്ട്. എന്നാലും പരസ്പരം സഹായിച്ചും പാട്ടുപാടിയും കൂകിവിളിച്ചും മുദ്രാവാക്യം വിളിച്ചും ഫോട്ടോ എടുത്തും മലകയറ്റം ഞങ്ങള്‍ ഒരു ആഘോഷമാക്കി മാറ്റി. മുകളിലേക്ക് എത്തുംതോറും കയറ്റം ബുദ്ധിമുട്ടായി തുടങ്ങി. വള്ളിപ്പടര്‍പ്പുകളില്‍ പിടിച്ചും മരക്കമ്പുകള്‍ താങ്ങിയും പുല്ലില്‍ അള്ളിപിടിച്ചും ഒരുവിധം കയറ്റം പൂര്‍ത്തിയായി. വന്‍മരങ്ങളുടെ കൂട്ടം ഞങ്ങളുടെ കാഴ്ചകളെ അതിശയിപ്പിച്ചു. " വല്ലഭനു പുല്ലും ആയുധം" എന്ന പഴംചൊല്ലിന്‍റെ ആശയം പണ്ട് സ്കൂളില്‍ ടീച്ചര്‍ ഒരുപാട് പഠിപ്പിച്ചു തന്നിരുന്നുവെങ്കിലും കയറ്റത്തിന്‍റെ ബദ്ധപ്പാടിലാണ് ഈ പഴംചൊല്ലിന്‍റെ യഥാര്‍ത്ഥ ആശയം ഞങ്ങള്‍ അനുഭവിച്ചു മനസ്സിലാക്കിയത്. അങ്ങനെ ഞങ്ങളും വല്ലഭന്മാരായി..! കുത്തനെയുള്ള കയറ്റത്തിന്‍റെ അവസാനം ഞങ്ങള്‍ക്ക് ആശ്വാസമായി നിരപ്പായ സ്ഥലത്തെത്തി. അവിടെ ഒരു മരത്തിനടിയില്‍ തണലത്തിരുന്നു വെള്ളവും മിക്ചറും ഓറഞ്ച്ഉം ക്രീംബിസ്കറ്റും കഴിച്ചു വിഷപ്പകറ്റി. അപ്പോഴാണ്‌ ഷഫീക് ഒരു കണ്ടുപിടിത്തം നടത്തിയതായി  പ്രഖ്യാപിച്ചത്. ആകാംഷയോടെ അവനെയും നോക്കിയിരുന്ന ഞങ്ങള്‍ കണ്ടത്  ഒരു കൈയില്‍ ക്രീംബിസ്കറ്റും മറുകയ്യില്‍ ഓറഞ്ച്മായി ഒന്നിനുപിറകെ ഒന്നായി അകത്താക്കുന്നതാണ്. എന്നിട്ട് ഒരു ഡയലോഗും - "ക്രീംബിസ്കറ്റും ഓറഞ്ച്ഉം സൂപ്പര്‍ കോമ്പിനേഷന്‍ ആണ്. ഇത് രണ്ടും ഒരുമിച്ചു തിന്നു നോക്കൂ, എന്താ ടേസ്റ്റ്... ഞാനാ ഇത് ഇപ്പൊ കണ്ടുപിടിച്ചത്. ഞങ്ങളും ഈ കോമ്പിനേഷന്‍ പരീക്ഷിച്ചു. പറഞ്ഞ പോലെ തന്നെ വ്യത്യസ്തമായ രുചിയാണ്.
      ഇനി ഞങ്ങളുടെ മുന്നിലുള്ളത് പുല്‍മേട്‌കളാല്‍ സമ്പന്നമായ രണ്ടു കുന്നുകളായിരുന്നു, മനോഹരങ്ങളായ ഇരട്ടക്കുന്നുകള്‍. അതില്‍ വലത്തെ ഭാഗത്തെ കുന്നിനു മുകളില്‍ പാറക്കെട്ടുകള്‍ ഭയാനകമായ ഉയരത്തില്‍ നിവര്‍ന്നു നില്‍ക്കുന്നു. ഇത് കണ്ട ഷഫീക് അണ്ടി കണ്ട അണ്ണാനെ പോലെ മുന്നും പിന്നും നോക്കാതെ പാറകള്‍ താണ്ടി ഏറ്റവും ഉയരമുള്ള പാറമുകളില്‍ കയറി നിന്ന് ഫോട്ടോ എടുക്കാന്‍ പറഞ്ഞു. ഞങ്ങളും പിന്നാലെ കയറി. അഗാധതയിലുള്ള, പേടിപ്പെടുത്തുന്ന കൊക്ക കാണുമ്പോള്‍ കാല്‍ വിറക്കുനുണ്ടോ എന്നൊരു സംശയം? കുന്നിനു മുകളില്‍ നിന്നുള്ള കാഴ്ച അതിമനോഹരമായിരുന്നു. എങ്ങും പാര്‍വതനിരകളും താഴ്വാരങ്ങളും, കുടക് മലയായിരുന്നു എതിര്‍വശത്ത്. കേരളത്തിന്‍റെയും കര്‍ണാടകയുടെയും മലകള്‍ അതിര്‍ത്തി പങ്കുവെക്കുന്ന ഒരുമയുടെ വിളനിലം. ഈ ദ്രിശ്യഭംഗി ആസ്വദിക്കുന്നതിനിടയിലാണ് അങ്ങകലെ ഞങ്ങള്‍ വന്ന വഴികളില്‍ നിന്ന് ആളനക്കം കേട്ടത്. പത്തു പതിനഞ്ചു പേരടങ്ങിയ ഒരു സംഘം ആയിരുന്നു അത്. പരിചയപെട്ടപ്പോള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ജോലി നോക്കുന്ന യുവകേസരികള്‍. പ്രൊഫഷണല്‍ ക്യാമറയുമായി വന്ന അവരെ കൊണ്ട് ഞങ്ങളുടെ ഫോട്ടോ എടുപ്പിക്കുകയും ചെയ്തു. അവരോടു കുശലം പറഞ്ഞു തമാശകള്‍ പങ്കുവെച്ച് ഞങ്ങള്‍ രണ്ടാമത്തെ കുന്നിലേക്ക് തിരിച്ചു. അവിടെ ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായി പുരാതനമായ കുടിലായിരുന്നു കാണാന്‍ സാധിച്ചത്. ഞങ്ങള്‍ കെട്ടിടത്തിനകത്തേക്ക് ചെന്ന് അകവും പുറവും പരിശോധിച്ചു. ആള്‍ താമസമുള്ളതിന്‍റെ ലക്ഷണമില്ല. അകത്തു കുറെ പണിയായുധങ്ങളും മറ്റും കിടക്കുന്നു. അവിടെ ഉണ്ടായിരുന്ന പഴയ പത്രങ്ങള്‍ തൊപ്പിയാക്കി ബൈജുവും ശഫീകും ശാഫറും ഫോട്ടോക്ക് പോസ് ചെയ്തു. കെട്ടിടവും പരിസരവും സൂക്ഷ്മമായി വീക്ഷിച്ചു ഞങ്ങള്‍ അവിടെ കുറച്ചു കറങ്ങി നടന്നു.        
   പ്രകൃതിയുടെ എത്ര കണ്ടാലും മതിവരാത്ത മനോഹാരിതയോടു തല്‍ക്കാലത്തേക്കെങ്കിലും നോ പറഞ്ഞു ഞങ്ങള്‍ തിരിച്ചിറങ്ങി. ശരീരം ക്ഷീണിച്ചിരുന്നെങ്കിലും മനസ്സിനു വല്ലാത്തൊരു ഉന്മേഷം. അതിവേഗത്തില്‍ കാട്ടില്‍ തെന്നിയും മറിഞ്ഞും അവസാനം അരുവിയുടെ അരികിലെത്തി. ഒഴുകുന്ന വെള്ളം കണ്ടപ്പോള്‍ ശഫീകിനു ഒരു കുളി പാസ്സാക്കാന്‍ മോഹം, ഉടനെ ഷഫീക് വെള്ളത്തിലിറങ്ങി. പിന്നാലെ ഞങ്ങളും കൈയും കാലും മുഖവുമൊക്കെ കഴുകി. ആ വെള്ളത്തിന്‍റെ കുളിര്‍മ്മ ദേഹത്ത് സ്പര്‍ശിച്ഛതോടെ ഞങ്ങളുടെ ക്ഷീണം പമ്പ കടന്നു. പ്രകൃതിയുടെ മടിത്തട്ടിലൊഴുകുന്ന വെള്ളത്തിന്‍റെ മാന്ത്രികത ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു.
         തിരിച്ചു പോകാനുള്ള ജീപ്പ് നിര്‍ത്തുന്ന സ്ഥലത്തേക്ക് കുറച്ചു നടന്നു പോകാനുണ്ടായിരുന്നത് കൊണ്ട് ഞങ്ങള്‍ നാല് പേരും അലക്ശ്യമായി നേരെയും തിരിഞ്ഞും നടന്നു. അതിനിടയില്‍ വഴിയില്‍ ഒരു തെങ്ങോല കണ്ട ശഫീകിനു വീണ്ടുമൊരു അതിമോഹം - ഓലയില്‍ ഇരിക്കുകയും എന്നിട്ട് ആരെങ്കിലും അവനെ വലിച്ചു കൊണ്ടുപോവണം..! ഷഫീക് ഓലയില്‍ ഇരിക്കുകയും ബൈജു ടാറിട്ട ഇറക്കമുള്ള റോഡില്‍ അവനെയും വലിച്ചു അതിവേഗം ഓടുകയും ചെയ്തു. കുറച്ചുദൂരം താണ്ടിയപ്പോള്‍ ശഫീകിന്‍റെ അതിദയനീയമായ നിലവിളി കേട്ട് തിരിഞ്ഞു നോക്കിയ ഞങ്ങള്‍ കണ്ടത് അവനിരുന്ന ഓല തേഞ്ഞു അവന്‍റെ പിന്‍ഭാഗം റോഡില്‍ ഉരസാന്‍ തുടങ്ങിയിരുന്നു. അവനെ സമാധാനിപ്പിചിരിക്കുമ്പോള്‍ അതാ അടുത്ത ഒരു വീട്ടില്‍ നിന്ന് ഒരു അമ്മയും മകനും ഞങ്ങളെ നോക്കി ചിരിക്കുന്നു. ചമ്മല്‍ മാറ്റാന്‍ വേണ്ടി ഞങ്ങള്‍ ഉടനെ അവരെ നോക്കി ചിരിക്കുകയും അടുത്തുപോയി കുടിക്കാന്‍ വെള്ളം ചോദിക്കുകയും ചെയ്തു. ദാഹം അകറ്റി നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വന്ന കുട്ടന്‍റെ ജീപ്പ് കാണുകയും അതില്‍ കയറി തിരികെ പനത്തടിയില്‍ ഇറങ്ങുകയും ചെയ്തു. അവിടെ നിന്നും കാഞ്ഞങ്ങാടെക്കുള്ള ബസ്‌ പിടിച്ചു. അവിടെ നിന്ന് ചായയും കുടിച്ചു എല്ലാവരും വീട്ടിലേക്കു തിരിച്ചു. അങ്ങനെ അവിസ്മരണീയമായ ഒരു യാത്ര കൂടി ഓര്‍മ്മയിലായി.

- മുഹമ്മദ്‌ റഷാദ് . T. U
Mohammed Rashad T U


Share this article :

+ comments + 4 comments

July 11, 2011 at 9:06 PM

വായിച്ചേ............

July 29, 2011 at 4:54 AM

yathra kurippu muzhuvanayallenkilum kurachokke vayichu. kurachu mattangal varuthiyal ithoru nalla yathra vivaranam aakki mattaam.

October 4, 2014 at 10:29 PM

കൊള്ളാം സ്നേഹത്തോടെ പ്രവാഹിനി

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger