Home » , » അയല്‍ക്കാര്‍

അയല്‍ക്കാര്‍

Written By Admin on Sep 9, 2012 | 1:58 PM

എന്റെ ഉമ്മ സുലൈഖ
അയല്‍പക്കത്തെ രണ്ടു അമ്മമാര്‍
ഉണ്ണിയമ്മയും കുമ്പമ്മയും
പരസ്പരം സുഖദുഃഖങ്ങള്‍ പങ്കുവെച്ചവര്‍
ഉമ്മയുടെ നല്ല കൂട്ടുകാരികള്‍

ചിരട്ടയും ചകിരിയുമായി തീ കടം വാങ്ങാന്‍ വന്ന ഉണ്ണിയമ്മ
ഒരു മുറി തേങ്ങ ചോദിച്ചുവന്ന കുമ്പമ്മ
വിളക്ക് കത്തിക്കാന്‍ മണ്ണെണ്ണക്ക് വന്ന നാരായണിചേച്ചി
അച്ഛന് മുറുക്കാനായി അടയ്ക്കയ്ക്ക് വന്ന പുഷ്പമോള്‍
അടുപ്പില്‍ തീ പുകയ്ക്കാന്‍ ഒരു നാഴി അരിക്ക് വന്ന ലീലാമ്മ
പശുവിന്‍ കിടാവിന് പുല്ലിന് വന്ന കണ്ണേട്ടന്‍
ഇവരെല്ലാം എന്റെ നല്ല അയല്‍ക്കാര്‍

പാതിരാസമയത്തും ഡോക്ടറുടെ അടുത്തു പോകാന്‍ 
ഓടിവന്ന കിട്ടേട്ടന്‍
റേഷന്‍ കടയില്‍ പോകുമ്പോള്‍
ഉമ്മാക്ക് വല്ലതും വേണോന്നുരിയാടുന്ന കുട്ടിയേട്ടന്‍
പിന്നെ ശങ്കരേട്ടനും കണ്ണേട്ടനും മണിക്കുട്ടനും
വെള്ളംചേര്‍ക്കാത്തപാലുമായി വരുന്ന കാര്‍ത്ത്യായനീ
നെല്ല് കുത്താന്‍ വന്ന സാവിത്രി
കവുങ്ങിനു വെള്ളമടിക്കാന്‍ വരുന്ന കോരേട്ടന്‍
നാടന്‍ മുട്ടയുമായി വരുന്ന ചീരുവേട്ടി
ഓണത്തിനും വിഷുവിനും ഉണ്ണിയപ്പവുമായി ജാനുവേട്ടി
ഷഷ്ഠിക്ക് പോയി വരുമ്പോള്‍ മിഠായിപ്പൊതിയുമായി ചോയിച്ചിയമ്മ
സ്‌കൂളിലൊന്നിച്ചു പോകാനായി കാത്തു നില്‍ക്കുന്ന രവീന്ദ്രന്‍
കുളക്കരയിലൊന്നിച്ച് കുളിക്കാനായി ശ്രീധരനും, രാജനും, ദാമുവും
മുറ്റത്തും പാടത്തും കുട്ടിയും കോലും കളിച്ചു വളര്‍ന്നവര്‍
ഗോരിയും ഗോട്ടിയും കളിച്ചു രസിച്ചവര്‍
ഇവരെല്ലാം എന്റെ നല്ല അയല്‍ക്കാര്‍

ഇവിടെ മതത്തിന്റെ അതിര്‍വരമ്പുകളില്ലായിരുന്നു
വീടിനു ചുറ്റും വന്‍ മതിലുകളും ഇല്ലായിരുന്നു
ഒരു മഴക്കാലത്ത് വീട് പൊളിഞ്ഞു വീണപ്പോഴും
ഒരു വൈകുന്നേരം വീടിനു തീ പിടിച്ചപ്പോഴും
സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും
തലോടലായി ആദ്യമെത്തിയതും ഇവരെല്ലാമായിരുന്നു
ഇതെല്ലാം മനസ്സിന്റെ മണിച്ചെപ്പില്‍
മായാതെ നില്‍ക്കുന്ന നല്ല ഓര്‍മ്മകള്‍
അന്നുമിന്നുമെന്നും.

Basheerkutty
Basheer Perumbala
-ബഷീര്‍ പെരുമ്പള
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger