ഞാന്‍ ഏകയാണ്‌

Written By Admin on Dec 23, 2010 | 3:50 AM

ദ്ദൂരെനിന്നും കേള്‍ക്കുന്ന ഉമ്മയുടെ വിളിയില്‍ ആകുലതകള്‍ ഏറെ ഉണ്ടെങ്കിലും അതൊന്നുമറിയാതെ മുരുകന്‍ കാട്ടാക്കടയുടെ കവിതയിലാണ് ഞാന്‍ . ഒരുപക്ഷെ, അതെന്റെ സ്വകാര്യതയാവാം .എത്ര കേട്ടാലും മതി വരാത്ത രേണുക.  എനിക്കെന്റെ സ്വപ്നങ്ങളില്‍ സഞ്ചരിക്കാന്‍ ഒരു പരവതാനി പോലെ ... അല്ലെങ്കില്‍, വേദനകള്‍‍ക്കൊക്കെ ശമനമായി ഒരു ഔഷധം പോലെ... ഞാന്‍ ഓര്‍ത്തു പോകുന്നു പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ എണ്ണമറ്റ സൌഹൃദങ്ങള്‍ എത്ര വിളിച്ചിട്ടും ഒരു പിന്‍വിളിക്ക് കാതോര്‍ക്കാതെ തിരിഞ്ഞു നടന്ന സുഹൃത്തുക്കള്‍.. പ്രണയത്തിന്റെ ചിറകിലേറി പാറിപ്പറന്ന സുന്ദര നിമിഷങ്ങള്‍ക്ക്  ഒടുക്കത്തെ ഫുള്‍സ്റ്റോപ്പും  നല്‍കി എങ്ങോ പോയി മറഞ്ഞ സുഹൃത്തുക്കള്‍..... തിരിഞ്ഞു നോക്കാന്‍


താല്പര്യം    കാണിക്കാതെ  അവരൊക്കെ  ധൃതിയില്‍  നടന്നകലുമ്പോള്‍ ഞാനിവിടെ എകയായിരുന്നു. പിന്‍വിളി കാതോര്‍ക്കാതെ പോയവരോട് ഞാനുംമുരുകന്‍ കാട്ടാക്കടയുടെ വരികളിലായിരുന്നോപാടിയിരുന്നത്? "ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം. ഓര്‍മിക്കണം  എന്ന വാക്ക് മാത്രം, എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും കണ്ടു മുട്ടാമെന്ന വാക്ക് മാത്രം." ഒന്നും കേള്‍ക്കാതെ അവരൊക്കെയും നടന്നകന്നു..

ധൃതി പിടിച്ച യാത്രയില്‍ ആരും എന്നെ ഓര്‍ത്തില്ല ചിലപ്പോഴൊക്കെ പാട്ടുകളുടെയും കവിതകളുടെയും ലോകത്ത് ഞാന്‍ തനിച്ചായിരിക്കും. ഓരോ പാട്ടുകളും കവിതകളും എന്റെ സ്വകാര്യ സംഭാഷണളാണെന്നു  തോന്നും ... ഒരു വിഡ്ഢി! അതില്‍ കുറഞ്ഞതൊന്നും ആരും പറയില്ല . എന്നാലും, അതാണെന്റെ ലോകം . തിരക്ക് പിടിച്ച ഈ ലോകത്ത് ജീവിതം പച്ച പിടിപ്പിക്കാന്‍ ഓടി നടക്കുന്ന കൂടെ പിറപ്പുകള്‍ക്കും പരശതം  ജനങ്ങള്‍ക്കുമിടയില്‍ ഒരുതിരക്കുമില്ലാതെ വെറും ഈണങ്ങളുടെ ലോകത്ത് നിരാശയില്‍ കൂപ്പുക്കുത്തി  വീണു ഞാനും എന്റെ ഓര്‍മകളും...
 

അറിയില്ല എന്തായിരുന്നു എന്റെ കുഴപ്പം ? സൌഹൃദങ്ങള്‍ ഓരോന്നായി തകര്‍ന്നടിയുമ്പോഴും  ഞാന്‍ കേട്ട് മതി വരാത്ത രേണുകയിലായിരുന്നു. ഓരോരുത്തരും വിടവാങ്ങി പോയത് എങ്ങോട്ടാണ്? ലോകത്തിന്റെ മായക്കാഴ്ചകള്‍ തേടിയായി രിക്കുമോ? .. രോഗം തളര്‍ത്തിയ കുഞ്ഞനിയത്തിക്ക്‌  ആശുപത്രി കിടക്കയില്‍ നാളുകളോളം കൂട്ട് കിടന്നിട്ടും അസുഖം  ഭേദമായി വീട്ടില്‍ തിരിച്ചെത്തിയ അന്നുമുതല്‍ അവളിലും കണ്ടു തുടങ്ങി മാറ്റങ്ങള്‍...  സുഖം പ്രാപിക്കും വരെ രാപ്പകല്‍ ഒന്ന് കണ്ണടക്കാതെ കൂട്ട് കിടന്ന ഇത്താത്തയെയും അവള്‍ക്കു തിരിഞ്ഞു നോക്കാന്‍ കഴിഞ്ഞില്ല  ആരും അറിയാതെ  ആരും കാണാതെ ആശുപത്രി കിടക്കയില്‍ കിടന്നു കുഞ്ഞനിയത്തിയെ മാറോട്‌ ചേര്‍ത്ത്‌  കിടത്തി ഓരോ രാത്രിയും ദൈവത്തോട് കരഞ്ഞു പറഞ്ഞിട്ടുണ്ട് കുഞ്ഞനിയത്തിയെ കത്തോളണേ   എന്ന്.

ഉറങ്ങാതെ കിടന്ന കുറെ രാത്രികളില്‍ ഞാനും ദൈവവും തമ്മില്‍ സ്വകാര്യ സംഭാഷണങ്ങളിയിരുന്നു . ആരോരുമറിയാതെ  ആരും കാണാതെ എന്റെ കുഞ്ഞനിയത്തിയുടെ ജീവന്  വേണ്ടിയുള്ള കെഞ്ചല്‍ .അവസാനം കണ്ണീര്‍ തുടച്ചു മാറ്റിക്കൊണ്ട് ദൈവം അവളെ എന്റെ കയ്യില്‍  ഏല്പിച്ചു തരുമ്പോള്‍ ഞാനറിഞ്ഞില്ല ഇത് അടങ്ങാത്ത സങ്കടത്തിലെക്കുള്ള കാല്‍വെപ്പണെന്ന്‌ അവിടെയും വിധി കൊഞ്ഞനംകുത്തി ചിരിച്ചപ്പോള്‍ ഞാന്‍ ഒറ്റക്കാവുകയായിരുന്നു. കവിതകളുടെ  ലോകത്ത്... പാട്ടുകളുടെ ലോകത്ത്... എന്തിനവരൊക്കെ എന്നെ ഉപേക്ഷിച്ചു പോയത്?

സഞ്ചരിച്ചു  കൊണ്ടിരിക്കുന്ന വഴിയാത്രയില്‍ എവിടെ എങ്കിലും അവരെന്നെ  ഓര്‍ക്കുന്നുണ്ടാവുമോ? കാട്ടാക്കട
 പിന്നെയും പറയുന്നു നാളെ പ്രതീക്ഷയെന്നൊന്ന്‌ ... അത് പോലെ എത്രയോ പ്രതീക്ഷയുടെ നാളെകള്‍ കഴിഞ്ഞു പോയിട്ടുണ്ട്.. എന്നിട്ട് ഞാന്‍ പ്രതീക്ഷയോടെ വരും  നാളേക്ക് വേണ്ടി കാത്തിരിക്കുകയാണ്.. മന്ഫലൂതിയുടെ "അല്‍ -ഗദ് "പറയുന്നു നാളെ  പ്രതീക്ഷയാണെന്നും  മറഞ്ഞു കിടക്കുന്ന മുത്തുകളാണെന്നും....ആരെകൊണ്ടും പ്രവചിക്കാന്‍ പറ്റാത്ത  വിധം അവ്യക്തമായ ഒന്നാണെന്നും....അത് കൊണ്ട് നാളെകള്‍ ഇനിയും വരുമെന്ന ആശ്വാസം . . ചിലപ്പോള്‍ എനിക്ക് നല്‍കാന്‍ ഒരുപാട് ശുഭമുഹൂര്‍ത്തങ്ങളുമായി അവ കടന്നു വന്നേക്കാം. അല്ലെങ്കില്‍, എന്നില്‍ നിന്നും ഇനിയും ഒരുപാട് പറിച്ചെടുത്ത്‌  അവ നടന്നകന്നേക്കാം. എന്തായാലും,  നന്മയിലേക്കുള്ള ഒരു നല്ല നാളേക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാന്‍....!

നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങളാണ്,  കണക്കു പുസ്തകം എഴുതി സൂക്ഷിക്കാനാവില്ല  ഒരിക്കലും..തിരിച്ചുകിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒന്നും തിരിച്ചു കിട്ടുകയുമില്ല കാട്ടാക്കട  വീണ്ടും രേണുകയെ വിളിക്കുന്നു...പറഞ്ഞു നിര്‍ത്താന്‍ വേണ്ടി..പക്ഷെ, പറഞ്ഞു തീരാത്ത വിധം  കനല്‍ കട്ടകള്‍ എരിയുകയാണ് എന്ടെ നെഞ്ചില്‍. കടന്നു പോയ കാലങ്ങള്‍ തിരിച്ചു കിട്ടാന്‍  ആഗ്രഹിക്കുന്ന ഒരാളായി മഴയെ കാത്തിരിക്കുന്ന വേഴാമ്പലായി....... ഞാന്‍....!

  തുടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിനു ഒരു ആശ്വാസമാണ് കവിതകളെന്ന് ഞാന്‍ തിരിച്ചറിയുകയാണ്.. അടുത്ത കവിതയിലേക്കുള്ള കാല്‍വെപ്പിലാണ്. ഉമ്മ പിന്നെയും  വിളിക്കുന്നുണ്ട്. ഞാന്‍ എണീറ്റ് ഓടി.. കുഞ്ഞനിയന്‍ വീണു കിടക്കുന്നു ... വീല്‍ചെയര്‍ ഉടക്കി  വീണതാണ്. .. അവന്‍ ഇത്താത്തയെ  വിളിച്ചു കരയുന്നു.. ഉമ്മ എടുക്കണ്ട! അവനു  ഇത്താത്തയെ  മതി!

 റബ്ബേ ... നിഷ്കളങ്കമായ  ഈ സ്നേഹത്തിനും നീ അതിര് കണക്കാക്കല്ലേ.. ക്രൂരതയാണെങ്കിലും അറിയാതെ ഞാന്‍ ആഗ്രഹിച്ചു  പോവുന്നുണ്ടോ ഇവന്‍ എന്നും ഇങ്ങനെ മതീന്ന്... അല്പം സ്നേഹത്തിനു വേണ്ടി ഞാന്‍ സ്വാര്‍ത്ഥയാവുകയാണോ ? കുഞ്ഞനിയനെ വാരി തോളിലിട്ട് ഞാന്‍ നടന്നു ... കരച്ചിലടക്കാന്‍ ... അവനെ  ഒന്ന് ആശ്വസിപ്പിക്കാന്‍ ....!!!
 

-ആയിഷ ഷെയ്‌ഖ്‌ അലി മഞ്ചത്തടുക്ക
Share this article :

+ comments + 1 comments

December 25, 2010 at 11:50 PM

എഴുതിനൊരു ആകര്‍ഷണീയതയുണ്ട്, നന്നായി. ആശംസകള്‍.

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger