Home » , » വെല്‍ക്കം ടു ബേക്കല്‍

വെല്‍ക്കം ടു ബേക്കല്‍

Written By Unknown on Dec 20, 2010 | 1:16 AM

കാസര്‍കോട്‌ ജില്ല വിനോദസഞ്ചാര വികസനത്തില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. രാജ്യത്തെ പ്രത്യേക വിനോദസഞ്ചാര മേഖലകളുടെ കൂട്ടത്തില്‍ പ്പെടുത്തിയ ബേക്കലും ചന്ദ്രഗിരികോട്ടയും വീരമലക്കുന്നുമെല്ലാം കോര്‍ത്തിണക്കിയ പദ്ധതികള്‍ തയ്യാറായിരിക്കുന്നു. ബേക്കലിനെ റാണിപുരം, കോട്ടഞ്ചേരി, വലിയപറമ്പ്‌, പൊസഡിഗൊംപേ തുടങ്ങിയ പ്രദേശങ്ങളുമായി കൂട്ടിയിണക്കുന്ന പദ്ധതികളാണ്‌ വിനോദസഞ്ചാര വകുപ്പ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. കേരളത്തിലെ ഊട്ടിയെന്ന്‌ അവകാശപ്പെടുന്ന റാണിപുരത്ത്‌ കോട്ടേജുകളും, കോട്ടഞ്ചേരിയില്‍ ഗതാഗതവികസനവും തയ്യാറായി കഴിഞ്ഞു. ബേക്കല്‍ പദ്ധതിക്കുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ രൂപംകൊടുത്ത ബേക്കല്‍
റിസോര്‍ട്‌സ്‌ ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ പുരോഗമന വികസനപ്രവര്‍ത്തനങ്ങളുടെ നിറവിലാണ്‌. ആഭ്യന്തര ടൂറിസ്റ്റികളുടെ മാത്രം തിരക്കുണ്ടായിരുന്ന ബേക്കല്‍ ബീച്ചില്‍ വിദേശടൂറിസ്റ്റികളുടെ നിരക്കും വര്‍ദ്ധിക്കുകയാണ്‌. വന്‍കിടഹോട്ടലുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു കഴിഞ്ഞാല്‍, ബേക്കല്‍ ടൂറിസ്‌റ്റ്‌ മേഖല അന്താരാഷ്ട്രപദവിയിലെത്തും.


കടലും ആകാശവും പരസ്‌പരം നോക്കി ചിരിക്കുന്ന ബേക്കലിന്‌ അനുദിനം സൗന്ദര്യംകൂടിവരികയാണ്‌. ഉരുക്കിന്റെ കരുത്തുള്ള ടിപ്പുവിന്റെ ആയുധപ്പുരയും, മുക്കുത്തികിണറും, കോട്ടകൊത്തളങ്ങളും പെരുമയിലെ കഥ പറയാന്‍ ഒരുങ്ങി കഴിഞ്ഞു. പാര്‍ക്കും, ബോട്ടിങ്ങും, ഭക്ഷണശാലയ്‌ക്കും പുറമേ സഞ്ചാരികള്‍ക്ക്‌ കോട്ടയുടെ ചരിത്രംകൂടി നുണയാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്‌.1998 ഫെബ്രുവരിയില്‍ പുരാവസ്‌തുഗവേഷണവകുപ്പ്‌ നടത്തിയ ഖനനത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണ്ണം, വെള്ളി, ചെമ്പ്‌ നാണയങ്ങള്‍, അച്ചുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ ലഭിച്ചിരുന്നു. പുരാവസ്‌തു വകുപ്പ്‌ സൂക്ഷിച്ചിരിക്കുന്ന ഇത്തരം സാധനങ്ങള്‍ കോട്ടക്കുള്ളിലൊരുക്കുന്ന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കണം.

ചരിത്രവഴിയില്‍ ബേക്കല്‍

എല്ലാ പദ്ധതികളെയും പോലെ വിവാദങ്ങളില്‍ നിന്നാണ്‌ ബേക്കലിനും തുടക്കും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം. പതിനാറാം നൂറ്റാണ്ടില്‍ ഇക്കേരി നായ്‌ക്കന്‍മാരില്‍പ്പെട്ട ശിവപ്പനായ്‌ക്കാണ്‌ ബേക്കല്‍കോട്ട പണികഴിപ്പിച്ചതെന്നാണ്‌ ചരിത്രം. പിന്നീട്‌, ടിപ്പു പിടിച്ചെടുത്തു. സാമ്രാജ്യത്വവാഴ്‌ച്ചയുടെ കാലഘട്ടത്തില്‍ കോട്ട ഈസ്‌റ്റ്‌ ഇന്ത്യാകമ്പനിയുടെ കൈകളിലെത്തി. സ്വാതന്ത്ര്യത്തിനുശേഷം കേന്ദ്രപുരാവസ്‌തു വകുപ്പിനാണ്‌ ചുമതല. കടലില്‍ നിന്നുള്ള ആക്രമണത്തില്‍ നിന്നും സാമ്രാജ്യം രക്ഷിക്കാന്‍ നായ്‌ക്കര്‍ പണിതകോട്ട അങ്ങനെ വിനോദസഞ്ചാര കേന്ദ്രമായി. എ.കെ.ദാവേയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചു നടന്ന പഠനമാണ്‌ ബേക്കലിനു വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം നല്‍കിയത്‌. 1992 ലാണ്‌ പ്രത്യേക വിനോദസഞ്ചാരമേഖയെന്ന ആശയമുണ്ടാക്കിയത്‌.


1994 - 95 ല്‍ ബേക്കലിനെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കി. കാസര്‍കോട്‌ ജില്ലയിലെ അജാനൂര്‍, പള്ളിക്കര, ഉദുമ, ചെമ്മനാട്‌ പഞ്ചായത്തുകള്‍ പദ്ധതിപ്രദേശങ്ങളായിപ്പെടുത്തി. റാണിപുരം, കുടക്‌, തലക്കാവേരി, വലിയപറമ്പ്‌, കോട്ടഞ്ചേരി എന്നിവയെയും ബേക്കലുമായി ബന്ധപ്പെടുത്തിയിരുന്നു. 1996 - 2005 വര്‍ഷത്തേക്ക്‌ പദ്ധതിക്കായി 162.2കോടി രൂപ അടങ്കല്‍ കണക്കാക്കിയിരുന്നു. ഇതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ ഓഹരിമൂലധനമായ 35കോടി മുതലിറക്കാനായിരുന്നു തീരുമാനം. തുടക്കത്തിലുണ്ടായ പാളിച്ചകള്‍ പദ്ധതിക്കെതിരെ വന്‍പ്രതിഷേധത്തിന്‌ കാരണമായി. ബേക്കല്‍ പദ്ധതിക്കായി ഡോ.എന്‍.എ.സലീമാണ്‌ ആദ്യം റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. ഈ റിപ്പോര്‍്‌ട്ടിനെതിരെ പ്രതിഷേധമുണ്ടായി. ഇതിനുശേഷം പുതിയരുപരേഖയുണ്ടാക്കാന്‍ ദില്ലി സ്‌കൂള്‍ഓഫ്‌ പ്ലാനിംഗ്‌ ആന്റ്‌ ആര്‍ക്കിടെക്‌ച്ചറിലെ മേധാവി കെ.ടി.രവീന്ദ്രനടങ്ങുന്ന സംഘത്തെയാണ്‌ സര്‍ക്കാര്‍ നിയോഗിച്ചത്‌. ഒന്‍പതുമാസത്തെ പഠനത്തിനുശേഷം ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു. കോവളത്തിന്റെയും, ഗോവയുടെയും വഴിയിലല്ല ബേക്കലിന്റെ വികസനം.


വിനോദസഞ്ചാര പദ്ധതിയോടുള്ള അഗാധമായ എതിര്‍പ്പും സ്ഥലം ഏറ്റെടുക്കുന്നതിലെ അഭിപ്രായവ്യത്യാസവും ഏറെ നാള്‍ ബേക്കല്‍ പദ്ധതിക്കെതിരെ ജനരോഷത്തിന്‌ കാരണമായി. പല സമരങ്ങളും ഇവിടെ അരങ്ങേറി. വന്‍കിട ഗ്രൂപ്പുകള്‍ക്ക്‌ സര്‍ക്കാര്‍സ്ഥലം കൈമാറുന്നതിലും എതിര്‍പ്പുണ്ടായി. എങ്കിലും ഇപ്പോള്‍ ബേക്കല്‍ ശാന്തമാണ്‌. പ്രതിരോധങ്ങളില്‍ പതറാതെ വികസനലക്ഷ്യവുമായി മുന്നോട്ട്‌......
സ്ഥലമേറ്റെടുപ്പിലെ തര്‍ക്കങ്ങല്‍ തീര്‍ന്നു. താജ്‌ഗ്രൂപ്പിനും ഒബ്‌റോയ്‌ ഗ്രൂപ്പിനും സ്ഥലം കൈമാറി. പദ്ധതിപ്രദേശത്ത്‌ അടിസ്ഥാന സൗകര്യവികസനത്തിന്‌ ബേക്കല്‍ റിസോര്‍ട്‌സ്‌ ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ശ്രദ്ധിച്ചതിനാല്‍ ജനങ്ങളുടെ വിശ്വാസം നേടാനായി.


വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉദുമയിലും പാലക്കുന്നിലുമായി ആറ്‌ വന്‍കിട ഹോട്ടലുകള്‍ വന്നു. സഞ്ചാരികള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിയമസഭാകമ്മിറ്റി നിര്‍ദ്ദേശമനുസരിച്ച്‌ കോട്ടയ്‌ക്ക്‌ സമീപം 55ലക്ഷംരൂപ ചെലവില്‍ ഫെസിലിറ്റി സെന്റര്‍ പണിതു.
ബേക്കല്‍ കടലോരത്തെത്തുന്ന സഞ്ചാരികളെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ടൂറിസം പോലീസിനെയും കടല്‍രക്ഷാ പ്രവര്‍ത്തകരെയും നിയമിച്ചു. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ജീവന്‍രക്ഷാ കവചവും വടവുമുണ്ട്‌. അപകടമേഖലയിലേക്ക്‌ സഞ്ചാരികള്‍ കയറാതിരിക്കാന്‍ അപായബോര്‍ഡുകളും മുള്‍വേലിയും പണിയാന്‍ ആസൂത്രണമുണ്ട്‌. കോട്ടയില്‍ നിന്നു കടലിറങ്ങുന്ന ഭാഗം അപകടസാധ്യതയുള്ളതായിരുന്നു. ഇപ്പോള്‍ നടക്കല്ല്‌ കെട്ടിയതിനാല്‍ താഴേയ്‌ക്കിറങ്ങാന്‍ ബുദ്ധിമുട്ടില്ല. പ്ലാസ്‌റ്റിക്ക്‌ മാലിന്യഭീഷണിക്ക്‌ ശക്തമായ പരിഹാരം കണ്ടെത്തി. ബീച്ച്‌ വൃത്തിയാക്കുന്നതിന്‌ താല്‍ക്കാലികതൊഴിലാളികളെ നിയമിച്ചു. കോട്ടക്കുള്ളിലെ പി.ഡബ്ല്യൂ.ഡി.റസ്റ്റ്‌ ഹൗസില്‍ സഞ്ചാരികള്‍ക്ക്‌ ശീതളപാനീയം ലഭ്യമാക്കുന്നു.

പള്ളിക്കരബീച്ചും പാര്‍ക്കും

ബേക്കലിനുസമീപം പള്ളിക്കരബീച്ചിലെ 25 ഏക്കറില്‍ 75ലക്ഷംരൂപ ചെലവിട്ട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാര്‍ക്ക്‌. തെയ്യം, ശില്‌പരൂപങ്ങളും വിശാലമായ പാര്‍ക്കിംഗ്‌ സൗകര്യവുമുള്ള ഇവിടെയിരുന്ന്‌ അസ്‌തമയ ദൃശ്യംകാണാന്‍ ആയിരങ്ങളെത്തുന്നു. കുട്ടികള്‍ക്ക്‌ കളിക്കാനുള്ള കളിയൂഞ്ഞാലുകളും കളിപാട്ടങ്ങളും ഇവിടെയുണ്ട്‌. ബി.ആര്‍.ഡി.സിയുടെ പുതിയ നിര്‍ദ്ദേശപ്രകാരം നയനാനന്ദകരമായ പൂന്തോട്ടവുമുണ്ട്‌. ഇവിടെ ട്രാഫിക്ക്‌ പാര്‍ക്കിങ്ങിനുള്ള സൗകര്യമുണ്ടാക്കും.

ബേക്കല്‍ ; ഉത്തരകേരളത്തിന്റെ പൊന്നരഞ്ഞാണം


ഉത്തരകേരളത്തിന്റെ പൊന്നരഞ്ഞാണമായി ബേക്കല്‍. നുരഞ്ഞുപൊന്തുന്ന തിരകളുടെ തീരത്ത്‌ ചരിത്രമുറങ്ങുന്ന കാവല്‍ വാതിലായി കോട്ട. പടപുറപ്പാടിന്റെ സ്‌മരണകളുമായി ഈ തീരം സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 130 അടിഉയരമുള്ള ബേക്കല്‍ കോട്ടയ്‌ക്ക്‌ 300 വര്‍ഷത്തെ പഴക്കമുണ്ട്‌. 35 ഏക്കര്‍സ്ഥലത്തായി വിന്യസിച്ചിരിക്കുന്ന കോട്ടയ്‌ക്കകത്ത്‌ സഞ്ചാരികള്‍ക്ക്‌ കാണാന്‍ കാഴ്‌ചകളേറെ. കവാടത്തിനുപുറത്ത്‌ കോട്ട നിര്‍മ്മിച്ച രാജാവിന്റെ കുലദൈവം കുടികൊള്ളുന്ന വീരഹനുമാന്‍ ക്ഷേത്രം. ക്ഷേത്ര ചുമരില്‍ ദേവീ - ദേവന്മാരുടെ ജീവന്‍ തുടിക്കുന്ന മനോഹര ദാരു ശില്‌പങ്ങള്‍. കോട്ടകൊത്തളത്തിനുള്ളില്‍ ടിപ്പുവിന്റെ ആയുധപ്പുര സമീപം യുദ്ധത്തില്‍ മരിച്ച ഭടന്മാരുടെ വിധവകള്‍ കൂട്ടമായി ആത്മഹത്യ ചെയ്‌ത മുക്കുത്തി കിണര്‍. കാരിരുമ്പിന്റെ കരുത്തുമായി പീരങ്കിദ്വാരങ്ങള്‍, കടലോരത്തെ വിശാല കാഴ്‌ച കാണാന്‍ കല്‍സ്‌തൂപം, ഗുഹാതുരങ്കങ്ങള്‍. സഞ്ചാരത്തിനൊടുവില്‍ ബേക്കല്‍ ബീച്ചിലിരുന്നുള്ള അസ്‌തമന ദൃശ്യം കണ്ണിനും കാതിനും കുളിരേകും.


സഞ്ചാരികള്‍ക്ക്‌ കുളിക്കുവാനും, ഭക്ഷണം കഴിക്കുവാനും, വാഹന പാര്‍ക്കിങ്ങിനും തണല്‍ വിശ്രമ കേന്ദ്രത്തില്‍ സൗകര്യമുണ്ട്‌. ഇവിടെയുള്ള ടൂറിസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും മറ്റുവിനോദ സഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരം ലഭിക്കും. ബേക്കല്‍ കോട്ടയില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്കുവശത്തായി പള്ളിക്കര ബീച്ചുണ്ട്‌. ഇവിടെ കടലില്‍ ആഴക്കുറവും തിരമാലകള്‍ കുറവുമായതിനാല്‍ കുട്ടികള്‍ക്കുപോലും ഇറങ്ങികുളിക്കാം. പാര്‍ക്കില്‍ ചെങ്കല്ലില്‍ തീര്‍ത്ത തെയ്യശില്‌പങ്ങളും മ്യുറല്‍ ചിത്രങ്ങളും കൗതുകമുണര്‍ത്തും. കൂറ്റന്‍ കാറ്റാടിയന്ത്രവും അലങ്കാരവിളക്കുകളും, കളിയൂഞ്ഞാലുകളും ബീച്ചിനെ മനോഹരമാക്കുന്നു. ഇതിനടുത്തായി ബേക്കല്‍ ജംഗ്‌ഷനില്‍ അക്വാപാര്‍ക്ക്‌ പെഡല്‍ ബോട്ടിംഗ്‌ സെന്ററുണ്ട്‌.പെഡല്‍ബോട്ടുകള്‍ സവാരിക്കായി ലഭിക്കും.

ബേക്കല്‍കോട്ടയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ ദൂരത്തായി സ്ഥിതിചെയ്യുന്ന കാപ്പില്‍ബീച്ചും പ്രകൃതി രമണീയമാണ്‌. ഇതിനടുത്തുള്ള കോട്ടക്കുന്നില്‍ കയറി നിന്നാല്‍ കടലും പുഴയും ഒന്നിക്കുന്ന അത്യപൂര്‍വ്വമായ കാഴ്‌ച കാണാം. ബേക്കല്‍ കോട്ടയിലേക്ക്‌ പ്രവേശിക്കാന്‍ 14 വയസ്സിനുമുകളിലുള്ളവര്‍ അഞ്ചുരൂപ നല്‍കണം. വിദേശികള്‍ക്ക്‌ 100 രൂപയാണ്‌. രാവിലെ 9 മുതല്‍ വൈകീട്ട്‌ അഞ്ചരവരെയാണ്‌ പ്രവേശനം. കാസര്‍കോട്ട്‌ നിന്ന്‌ 16 കിലോമീറ്ററും കാഞ്ഞങ്ങാട്ട്‌ നിന്ന്‌ 11 കിലോമീറ്ററും ദൂരമുണ്ട്‌. ബസ്‌മാര്‍ഗം വരുന്നവര്‍ക്ക്‌ എല്ലാ പത്ത്‌ മിനുട്ടിനുമിടയില്‍ ബസ്‌ ലഭിക്കും. തീവണ്ടിയില്‍ വരുന്നവര്‍ക്ക്‌ പള്ളിക്കര സ്റ്റേഷനില്‍(ബേക്കല്‍ ഫോര്‍ട്ട്‌) ഇറങ്ങാം.

ബേക്കലിനുചുറ്റും നക്ഷത്രഹോട്ടലുകള്‍


ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലയിലെ വിവധ സ്ഥലങ്ങളില്‍ പഞ്ചനക്ഷത്ര ഡീലക്‌സ്‌ ഹോട്ടലുകള്‍ വരുന്നു.വന്‍കിട ഹോട്ടല്‍ കമ്പനികളായ ഭാരത്‌ ഹോട്ടല്‍സ്‌, ഹോളിഡേ ഇന്‍, ഖന്ന ഗ്രൂപ്പ്‌, താജ്‌, ഒബ്രോയ്‌ എന്നിവരാണ്‌ ഹോട്ടല്‍ നിര്‍മ്മാണത്തിന്‌ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്‌. ഇതില്‍ ഹോളിഡേ ഇന്‍ ചെമ്മനാട്‌ പഞ്ചായത്തിലെ ചെമ്പരിക്കയില്‍ ഹോട്ടല്‍ നിര്‍മ്മാണ്‌ തുടങ്ങി. ബേക്കല്‍ടൂറിസം പദ്ധതിക്കായി ബി.ആര്‍.ഡി.സി.ഏറ്റെടുത്ത 189 ഏക്കറില്‍ 125 ഏക്കര്‍ സ്വകാര്യസംരഭകര്‍ക്ക്‌ നല്‍കി കഴിഞ്ഞു. പഞ്ചനക്ഷത്രഹോട്ടലുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ബേക്കലില്‍ വന്‍വികസനം സാധ്യമാകും. ബേക്കലില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോഴ്‌സുകള്‍. കരകൗശല വിപണനത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ ആരംഭിക്കും.  മടിയന്‍ കുലോം, തൃക്കണ്ണാട്‌ തൃയംബകേശ്വര ക്ഷേത്രം, മധൂര്‍, അടൂര്‍ സിദ്ധിവിനായക എന്നീ ക്ഷേത്രങ്ങളെയും തളങ്കര മാലിക്‌ ദീനാര്‍ പള്ളിയെയും ബന്ധപ്പെടുത്തികൊണ്ട്‌ തീര്‍ത്ഥാടക ടൂറിസം പദ്ധതിക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌.

"അടുത്ത ഫീച്ചര്‍ സ്വപ്‌നറാണിയായി റാണിപുരം"

-ചന്ദ്രന്‍ മുട്ടത്ത്‌
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kasaragod Bloggers - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger