അഹ്‌മദ് മാഷും പിറകെ കോടോത്ത് ഗോവിന്ദന്‍ നായരും പോയി. രണ്ടാളും ആത്മസുഹൃത്തുക്കളായിരുന്നു. സൗഹൃദബന്ധം വെച്ചുപുലര്‍ത്തുന്നവര്‍ അടുത്തടുത്ത നാളുകളില്‍ മരിക്കുന്ന അപൂര്‍വ്വ അനുഭവങ്ങള്‍ ഉണ്ട്. മരണരഹസ്യങ്ങള്‍ ദൈവത്തിന്റെ പുസ്‌തകത്തിലാണല്ലോ രേഖപ്പെടുത്തിയിട്ടുള്ളത്. ബഷീറിന്റെ കുഞ്ഞിപാത്തുമ്മയുടെ ചിന്തകളിലൂടെ പോയാല്‍ അഹ്‌മദ് മാഷിന്റെയും കോടോത്തിന്റെയും പേരെഴുതിയ ഇലകള്‍ അടുത്തടുത്ത ദിവസങ്ങളില്‍ മൃത്യുവൃക്ഷത്തില്‍നിന്ന് വീണതാവാം. ജനിച്ചുവീണ സര്‍വ്വരുടെയും പേരുള്ള ഇലകളുള്ള മരത്തെക്കുറിച്ചും അതിലെ പഴുത്ത ഇലകള്‍ (പ്രായമേറിയവര്‍) വീഴുന്നതിനെക്കുറിച്ചും പച്ച ഇലകള്‍ (ഇളംപ്രായക്കാര്‍) വീഴുന്നതിനെക്കുറിച്ചും കുഞ്ഞുപാത്തുമ്മ ചിന്തിക്കുന്നുണ്ട്. (എന്റെ പേരുള്ള ഇല മാത്രം വീഴാത്തതെന്ത് എന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്!)
കോടോത്തിനേക്കാള്‍ ആത്മബന്ധം അഹ്‌മദ് മാഷുമായിട്ട് എനിക്കുണ്ടായിരുന്നുവെന്നത് നേര്. എന്തും അതാതിന്റെ കാരണങ്ങളാല്‍ യാദൃശ്ചികമായി ഉണ്ടാവുന്നതാണല്ലോ. രാഷ്‌ട്രീയത്തേക്കാള്‍ സാഹിത്യവുമായുള്ള ബന്ധവും കാരണമാകാം. കോടോത്തിന്റെ മുഖത്ത് സദാ നിറഞ്ഞുനില്‍ക്കുന്ന പുഞ്ചിരിയുണ്ടായിരുന്നു. അഹ്‌മദ് മാഷിന്റെ മുഖത്തും ചിന്താകുലമായ ചിരി ഉണ്ടാകാറുണ്ട്. എന്റെ മുഖത്ത് മാത്രം ചിരി കാണാറില്ലെന്ന് പല സുഹൃത്തുക്കളും പറയാറുണ്ട്. ചിരിക്കാത്ത മാഷ് എന്ന വിശേഷണവും റിട്ടയര്‍മെന്റിന്റെ വര്‍ഷത്തില്‍ എനിക്ക് കിട്ടിയിട്ടുണ്ട്. മകളുടെ കല്യാണദിവസം മാത്രമാണ് എന്റെ മുഖത്ത് ചിരികണ്ടതെന്ന് സൂപ്പി വാണിമേല്‍ എന്ന പത്രപ്രവര്‍ത്തക സുഹൃത്ത് പറഞ്ഞിട്ടുണ്ട്. അഹ്‌മദ് മാഷും കോടോത്തും എനിക്ക് സൗഹൃദവും അംഗീകാരവും ഉചിത സന്ദര്‍ഭങ്ങളിലെല്ലാം തന്നിട്ടുണ്ട്. അഹ്‌മദ് മാഷും ഞാനുമായുള്ള അടുപ്പം സാഹിത്യമേഖലയില്‍ ഉണ്ടാക്കിയ ചില്ലറ നേട്ടങ്ങള്‍ വായനക്കാര്‍ക്കെല്ലാം അറിയാം.
കോടോത്ത് പി.എസ്. സി അംഗമായിരുന്ന നാളുകളില്‍ ഹൈസ്‌കൂള്‍ മലയാളം അധ്യാപകരെ തിരഞ്ഞെടുക്കുന്ന പി.എസ്.സി ഇന്റര്‍വ്യൂവില്‍ (കാസര്‍കോട് ജില്ലക്കുള്ളത്) എന്നെ സബ്‌ജക്‌ട് എക്‌സ്‌പേര്‍ട്ടായി ക്ഷണിച്ചിട്ടുണ്ട്. ഒരാഴ്‌ചയോളം നീണ്ടുനിന്ന ആ അഭിമുഖസമയത്ത് കോടോത്തിന്റെ പെരുമാറ്റം ഹൃദ്യമായിരുന്നു. കാണുമ്പോഴെല്ലാം ഇബ്രാഹിം മാഷ്, ബേവിഞ്ച മാഷ് എന്നിങ്ങനെയാണ് കോടോത്ത് പറയാറുണ്ടായിരുന്നത്. ഇബ്രാഹിം എന്നോ ഇബ്രാഹിം മാഷ് എന്നോ ആണ് അഹ്‌മദ് മാഷ് പറയാറുണ്ടായിരുന്നത്. വൈകുന്നേരങ്ങളില്‍ പലപ്പോഴും കോടോത്ത് അഹ്‌മദ് മാഷിന്റെ ഓഫീസിനു മുമ്പിലെ കസേരയില്‍ ഇരിക്കുന്നത് കാണാറുണ്ടായിരുന്നു(കുറച്ചുകൊല്ലം മുമ്പത്തെ കാര്യാമാണിത്). അതിനുമുമ്പ് ശശി എന്ന സുഹൃത്ത് മലയാള മനോരമ ലേഖകനായിരുന്ന സമയത്ത് എയര്‍ലൈന്‍സ് ബില്‍ഡിംഗ്‌സില്‍ കോടോത്ത് ഇതേപോലെ വൈകുന്നേരങ്ങളില്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. ഉബൈദിന്റെ കവിതാലോകം എന്ന എന്റെ പുസ്‌തകം ഞാന്‍ സമ്മാനിച്ച അപൂര്‍വ്വം രാഷ്‌ട്രീയ നേതാക്കളിലൊരാളായിരുന്നു കോടോത്ത്.
കോടോത്ത് മരിക്കുന്ന സമയത്ത് അഹ്‌മദ് മാഷ് ഉണ്ടായിരുന്നുവെങ്കില്‍ അത്യന്തം ഹൃദയസ്‌പര്‍ശിയായ ഒരു കുറിപ്പ് ഉത്തരദേശത്തിലൂടെ നമുക്ക് വായിക്കാമായിരുന്നു. മാഷും കോടോത്തും മരണത്തിന്റെ ഇരുണ്ട ഗുഹയില്‍ കൈകള്‍ പരസ്‌പരം ചുമലില്‍വെച്ച് നടന്നുപോകുന്നുണ്ടാകാം. അവിടെ സാഹിത്യവും രാഷ്‌ട്രീയവും ഉണ്ടോ എന്ന് ആരറിഞ്ഞു. എനിക്ക് ഇനി കലഹിക്കാന്‍ അഹ്‌മദ് മാഷില്ലല്ലോ. എന്നോട് ഹൃദയപൂര്‍വം ചിരിക്കാന്‍ കോടോത്തില്ലല്ലോ…
-ഇബ്രാഹിം ബേവിഞ്ച
+ comments + 1 comments
ഒരു അനുസ്മരണ ലേകനം കൊള്ളാം
സമയം കാണുമെങ്കില്‍ വായിക്കുക
www.iylaserikaran.blogspot.com
Post a Comment