കണ്ണ് ഉള്ളപ്പോഴെ കണ്ണിന്റെ വിലയറിയൂ എന്ന് പറയുന്നത് എത്ര ശരി.നമ്മുടെ നാട്ടിലെ ഭരണ സംവിധാനങ്ങളെയും യാത്രാ സംവിധാനങ്ങളെയും നിശിതമായി വിമര്‍ശിച്ചു നടന്നിരുന്ന ഒരാളാണ് ഞാന്‍.പ്രത്യേകിച്ചു മണിക്കൂറുകള്‍ വൈകി മാത്രം ഓടുന്ന ട്രെയിനുകള്‍ ഉള്ള റയില്‍വേ വകുപ്പിനെ.ജീവിത ചക്രം തിരിഞ്ഞു.കടല് കടന്നു ഞാനും ദുബായിലെത്തി.പടച്ചവന്റെ അനുഗ്രഹം കൊണ്ട് നല്ല ഒരു ജോലിയും കിട്ടി.എന്റെ റൂമില്‍ നിന്നും ജോലി സ്ഥലത്തേക്ക് ഞാന്‍ ദുബായ്
മേട്രോയിലാണ് പോകാറുള്ളത്.ആദ്യത്തെ ഒരാഴ്ച മെട്രോ എനിക്ക് കൌതുകമായിരുന്നു.പിന്നെ പിന്നെ ഇത് "യന്ത്രങ്ങള്‍ സഞ്ചരിക്കുന്ന യന്ത്രം" ആണെന്ന് എനിക്ക് ബോധ്യപ്പെട്ടു.ഒരേ സമയം സ്ഥിരമായി യാത്രചെയ്യുന്ന കുറെ ആളുകളെ ഞാന്‍ കാണാറുണ്ട്.10 മാസത്തിനിടയ്ക്കു പരസ്പരം പുഞ്ചിരിക്കുന്ന ഒരു മുഖവും ഞാന്‍ കണ്ടിട്ടില്ല.തൊട്ടു മുമ്പില്‍ നില്‍ക്കുന്ന ആള്‍ നിന്ന നില്‍പ്പില്‍ തന്നെ തട്ടിപോയാലും ആരും തിരിഞ്ഞു നോക്കുമെന്ന് എനിക്ക് തോന്നുന്നില്ല.ദുബായ് ഒരു ഹൈ ടെക്ക് നഗരമായിരിക്കാം.സൗഹൃദം പങ്കു വയ്ക്കാനോ കൊച്ചു വര്‍ത്തമാനം പറയാനോ ഇവിടത്തെ ഹൈ ടെക് സമൂഹത്തിനു സമയം കാണില്ലായിരിക്കാം.എന്ന് വച്ച് എന്നും പരസ്പരം കാണുന്നവരോട് ഒന്ന് പുഞ്ചിരിചാല്‍ എന്ത് നഷ്ടപ്പെടാനാണ്?
മറ്റു രാജ്യക്കാരുടെയും അന്യ സംസ്ഥാനക്കരുടെയും കാര്യം അവിടെ നില്‍ക്കട്ടെ!!മലയാളികള്‍ തന്നെ "യന്ത്രങ്ങള്‍" ആകുമ്പോഴാണ് വിഷമം തോന്നുന്നത്.ഇപ്പോഴാണ് നമ്മുടെ നാട്ടിലെ ട്രെയിന്‍ യാത്രയെ കുറിച്ചു ഓര്‍ത്ത് പോകുന്നത്.ആ കാലത്തിലെ ചില നല്ല ഓര്‍മ്മകള്‍ ഇവിടെ പങ്കു വയ്ക്കണമെന്ന് തോന്നി.അങ്ങനെയാണ് ഈ പോസ്റ്റ് ജന്മം കൊള്ളുന്നത്.
ഞാന്‍ കണ്ണൂരില്‍ ഒരു വര്ഷം അക്കൌണ്ടിംഗ് പഠിച്ചിരുന്നു.രാവിലെ മംഗലാപുരം-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ്സിലും വൈകിട്ട് കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ ട്രെയിനിലുമായിരുന്നു യാത്ര.രാവിലെയും വൈകിട്ടുമായുള്ള ആ യാത്രയും ആ യാത്രയ്ക്കിടയിലെ തമാശകളും സന്തോഷങ്ങളും വല്ലാതെ മിസ്സ് ചെയ്യുന്നു.കുമ്പള സ്റ്റേഷനില്‍ നിന്നും കയറുന്ന ഞങ്ങളുടെ ടീമില്‍ 7 പേരുണ്ട്.ഞങ്ങള്‍ 4 വിദ്യാര്തികളും 2 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരു പലചരക്ക് വ്യാപാരിയും.കാസര്‍കോട്,കോട്ടിക്കുളം,കാഞ്ഞങ്ങാട്,നീലേശ്വരം,പയ്യന്നൂര്‍ തുടങ്ങിയ സ്റ്റെഷനുകളില്‍ നിന്നും നിരവധി സുഹൃത്തുക്കള്‍ കയറും.സ്കൂള്‍ കുട്ടികള്‍ മുതല്‍ ഉന്നത ഉദ്ധ്യോഗസ്ഥര്‍ വരെ ആ കൂട്ടത്തിലുണ്ടാകും.അവിടെ രാഷ്ട്രീയ ചര്‍ച്ചകളും സമകാലിക സംഭവങ്ങളെ കുറിച്ചുള്ള വിശകലനങ്ങളും പൊടിപൊടിക്കും.നമ്മുടെ ചാനലുകളില്‍ കാണുന്ന പോലെയുള്ള കൂതറ ചര്‍ച്ചയല്ല.സാധാരണക്കാരുടെ ഭാഷയില്‍ നമുക്ക് മനസ്സിലാകുന്ന രീതിയിലാണ് ചര്‍ച്ച.പൂവാലന്മാരുടെ ഒരു ഗ്യാങ്ങ് സജീവമായി ട്രയിനിലുണ്ട്.അവര്‍ എവിടെയും ഇരിക്കാറില്ല.ആദ്യത്തെ ബോഗി മുതല്‍ അവസാന ബോഗി വരെ കിളികളെയും തപ്പി നടപ്പ് തന്നെ നടപ്പ്.അവരെ അത്യാവശത്തിനും അനാവശ്യത്തിനും ഗുണ ദോഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന കിളവന്മാരുടെ ഗ്രൂപും സജീവമാണ്.
പത്ര പിശാചുക്കളുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്.ട്രെയിനില്‍ കയറിയത് മുതല്‍ ഇറങ്ങുന്നത് വരെ പത്ര വായന തന്നെ.അവരുടെ വായനക്കിടയില്‍ ട്രെയിനില്‍ എന്ത് നടന്നാലും അവര്‍ അറിയില്ല.ഇതില്‍ വളരെ ചെറിയ ശതമാനം മാത്രമേ സ്വന്തം കാശ് കൊടുത്തു പത്രം വായിക്കാരുല്ലൂ.ബാക്കിയുള്ള ശതമാനത്തിന്റെ കഥയാണ് രസകരം.ഇവര്‍ സ്വന്തമായി പത്രം വാങ്ങിക്കൊണ്ടു വരികയില്ല എന്ന് മാത്രമല്ല,ട്രെയിനില പത്ര വില്‍പ്പനക്കാര് വരുമ്പോള്‍ ഈ കക്ഷികള്‍ ഒന്നുകില്‍ ഉറക്കം നടിക്കും.അല്ലെങ്കില്‍ വിദൂരതയിലേക്ക്നോക്കിയിരിക്കും.പത്ര വില്‍പ്പനക്കാരന്റെ കയ്യില്‍ നിന്നും ഏതെങ്കിലും സാധുജീവി പത്രം വാങ്ങിയാല്‍ അവന്റെ ഗതി അധോഗതി.ഇത്ര നേരവും ഉറക്കം നടിച്ചവരും അഗാധതയിലേക്ക് കണ്ണും നട്ടിരുന്നവരും മെല്ലെ മെല്ലെ അനക്കം തുടങ്ങും.തൊട്ടടുത്ത സഹയാത്രികന്‍ ആദ്യം ഒരു ഷീറ്റ് ചോദിക്കും.ട്രെയിനില്‍ വച്ച് ആര് പത്രം ചോദിച്ചാലും മറുത്തൊരു അക്ഷരം ഉരിയാടാതെ കൊടുക്കണം എന്നത് അലിഖിത നിയമമാണ്.പതിയെ പത്രത്തിനു 12 ഷീറ്റ് ഉണ്ടെങ്കില്‍ അത് 12 എണ്ണവും 12 പേരുടെ കയ്യിലെത്തും.അവസാനം ഈ ഷീറ്റുകള്‍ പത്രത്തിന്റെ ഉടമസ്ഥന്റെ കണ്ണില്‍ നിന്നും മറയും.കുറച്ചു കഴിഞ്ഞു നോക്കിയാല്‍ കാണാം ഒരമ്മച്ചി മുസംബിയുടെ തൊലി കളഞ്ഞിട്ടു ആ ഷീറ്റില്‍ ഇട്ടിരിക്കുന്നു.അവസാനം ആ പരിസരമാകെ അലഞ്ഞു നടന്നു ആ പത്രത്തിന്റെ തിരുശേഷിപ്പുകള്‍ തപ്പിയെടുക്കുമ്പോഴെക്കും അതിന്റെ അവസ്ഥ ടിപ്പര്‍ ലോറി കയറിയ ഓട്ടോ റിക്ഷ പോലെയായിട്ടുണ്ടാകും. ഈ അത്യാഹിതം
ഒഴിവാക്കാന് ചിലര്‍ പത്രം കടയില്‍ നിന്നും വാങ്ങും.മാത്രമല്ല കടക്കാരനെ കൊണ്ട് തന്നെ പത്രത്തിന്റെ ഒത്ത നടുവിലായി പിന്‍ ചെയ്യിക്കും.
ഓ.... ഈ എന്റെ കാര്യം...പരീക്ഷക്ക് പശുവിനെക്കുറിച്ചു എഴുതാന്‍ പറഞ്ഞപ്പോള്‍ പശുവിനെക്കുറിച്ചു എഴുതി എഴുതി അവസാനം എഴുത്ത് പശുവിനെ കെട്ടുന്ന തെങ്ങിനെ കുറിച്ച് ആയ പോലെയായി.ട്രെയിനിന്റെ കാര്യം പറഞ്ഞു തുടങ്ങി പത്രത്തില്‍ കിടന്നു കറങ്ങുന്നു.ട്രയിനിലെ ഒരു പ്രധാന വിഭാഗമാണ് സര്‍ക്കാരുദ്യോഗസ്തര്‍.പ്രത്യേകിച്ചും അധ്യാപക സമൂഹം.സന്മനസ്സു കൊണ്ട് ആരെങ്കിലും തന്റെ സീറ്റില്‍ ഇവറ്റകള്‍ക്ക് ഒന്നിന് സീറ്റ് കൊടുത്താല്‍ ഒട്ടകത്തിനു വീട്ടില്‍ ഇടം കൊടുത്ത അറബിയുടെ അവസ്ഥയാകും അവന്.സീറ്റ് നല്‍കപ്പെട്ട ആ സാമദ്രോഹി തന്റെ കൂടെയുള്ള സകലതിനെയും വിളിച്ചു കൂടെയിരുത്തും.പെണ് വിഷയവുമായി ബന്ധപ്പെട്ടു ഇടയ്ക്കിടെ ചെറിയ ചെറിയ സംഘര്‍ഷങ്ങളും ഉണ്ടാകാറുണ്ട്.സ്ഥിരം യാത്രക്കാര്‍ സീസണ്‍ ടിക്കറ്റ് ഉപയോഗിച്ചാണല്ലോ യാത്ര ചെയ്യാറ്.മാസങ്ങളായി സീസണ്‍ ടിക്കറ്റ് പുതുക്കാത്ത വീരന്മാരും ഉണ്ടാകാറുണ്ട്.സീസണ്‍ ടിക്കറ്റ് പരിശോധനയ്ക്കായി ലോക്കല്‍ ട്രെയിനുകളില്‍ പ്രത്യേക പരിശോധകരുമുണ്ട്.ഞങ്ങളുടെ കൂട്ടത്തിലുള്ള നവാസ് ഒരു ദിവസം സീസണ്‍ ടിക്കറ്റ് കൊണ്ട് വരാന്‍ മറന്നു.കഷ്ട കാലമെന്നേ പറയേണ്ടൂ..അന്ന് മുടിഞ്ഞ ചെക്കിങ്ങുമായിരുന്നു.പരിശോധകരെ കണ്ട നവാസ് ഓടിപ്പോയി ബാത്ത്റൂമില്‍ ഒളിച്ചു.ഇവന്റെ ഒളിക്കല്‍ പരിശോധകര്‍ കണ്ടു.അവര്‍ ബാത്ത് റൂമിന് പുറത്തു കാത്തു നില്‍പ്പായി.അല്‍പ സമയം കഴിഞ്ഞു പുറത്തിറങ്ങിയ ആളെ അവര്‍ കയ്യോടെ പൊക്കി.അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരും.
റമസാന്‍ മാസത്തിലും ട്രെയിനില്‍ അടിപൊളി ആണ്.സ്ഥിരമായി ട്രെയിന്‍ വൈകുന്നത് കൊണ്ട് ഞങ്ങള്‍ അത്യാവശ്യം നോമ്പ് തുറക്ക് വേണ്ട സാധനങ്ങളെല്ലാം കരുതും.കുടുംബ സമേതമുള്ള യാത്രക്കാരുടെ അടുത്തു പോയിരിക്കും.അഞ്ചര മണിയാകുമ്പോള്‍ അവരുടെ മുമ്പില് നിന്നും ഫോണ്‍ എടുത്തു വെറുതെ "എടാ ഞാന്‍ ഇന്ന് നോമ്പ് തുറക്കാന്‍ എത്തില്ല.ട്രെയിന്‍ ഇന്ന് ലേറ്റ് ആണ്."എന്നൊക്കെ പറയും.നമ്മള്‍ നോമ്പുകാരനാനെന്നു അവരെ ബോധ്യപ്പെടുത്താനുള്ള അടവാണ് ഇത്.അവസാനം നോമ്പ് തുറക്കുന്ന സമയമാകുമ്പോള്‍ നമ്മള്‍ ഈത്തപ്പഴം കടിക്കാന്‍ തുടങ്ങും.കുടുംബം സ്വാഭാവികമായും നോമ്പ് തുറ വിഭവങ്ങള്‍ കരുതിയിട്ടുണ്ടാകുമല്ലോ.നമ്മളുടെ "ഈ ദയനീയ അവസ്ഥ"കണ്ടു അതില്‍ നിന്നും ചെറിയൊരു പങ്കു ഞങ്ങള്‍ക്കും കിട്ടും.ട്രെയിനിലെ കാപ്പിക്കച്ചവടക്കാര്‍ ഞങ്ങളുടെ പ്രധാന സുഹൃത്തുക്കളാണ്.അന്ധ യാചകനായ കൃഷ്ണേട്ടനും ലോട്ടറി കച്ചവടക്കാരനായ മോയ്തുക്കയും എല്ലാരും കൂടി എന്തൊരു രസമായിരുന്നുവെന്നോ?അത്യാവശ്യം മസ്സില് പിടുത്തക്കാരും ഉണ്ടാകും കേട്ടോ.നമ്മുടെ മൈ കാസര്കൊടില്‍ ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്നത് പോലെ വമ്പിച്ച സുന്നി-മുജാഹിദ് വാഗ്വാദവും നടക്കാറുണ്ട്.ഒരു ദിവസം വാഗ്വാദം മൂത്ത് കയ്യാങ്കളി വരെയെത്തിയപ്പോള്‍ അമുസ്ലിമ്കള്‍ ആയ സുഹൃത്തുക്കളാണ് നിയന്ത്രിച്ചത്.4മണിക്കൂര്‍ വരെ ട്രെയിന്‍ വൈകിയ സംഭവം വരെയുണ്ടായിട്ടുണ്ട്.എത്ര വൈകിയാലും ആ ട്രെയിന്‍ യാത്ര ബോറടിക്കാരുണ്ടായിരുന്നില്ല. .ഇന്ഷാ അല്ലാഹ് .ഞാന്‍ ജനുവരിയില്‍ നാട്ടില്‍ പോകുന്നുണ്ട്.കോഴിക്കോട് പോയി അവിടെ നിന്നും ലോക്കല്‍ ട്രെയിനില്‍ നാട്ടില്‍ പോകണമെന്നാണ് എന്റെ ആഗ്രഹം.!!!!ആരെന്തൊക്കെ പറഞ്ഞാലും നമ്മുടെ സ്വന്തം കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്!!!
SMS Kumbala
ചില ട്രെയിന്‍ ചിന്തകള്‍!!!
Written By Admin on Jan 6, 2011 | 8:19 PM
Labels:
featured,
എസ്.എം.എസ് കുമ്പള,
ഓര്‍മ്മക്കുറിപ്പ്,
ലേഖനം
+ comments + 2 comments
നന്മ പ്രസരിപ്പിക്കുന്ന പോസ്റ്റ്. ആശംസകള്‍ !
എടാ ഷമി ഇതെല്ലാം ഓര്‍ക്കുമ്പോള്‍ എനിക്കും തോന്നാറുണ്ട് നാട്ടില്‍ വന്നാല്‍ ആ പഴയ ഗ്യാങ്ങിന്റെ കൂടെ ട്രെയിന്‍ യാത്ര ചെയ്യണമെന്നു,, പക്ഷെ നാട്ടില്‍ എത്തിയാല്‍ ഇതിനൊന്നും സമയം കിട്ടാറില്ല എന്നതാണ് സത്യം... ആ കാലത്തെ കുറിച്ച ഓര്‍ക്കുമ്പോള്‍ എന്തോ ഒരു നഷ്ടം സംഭവിച്ചത് പോലെ...!!!
Post a Comment