വരൂ വരൂ ,
ഇതെന്റെ വീടാണ്. പണ്ട് ഇങ്ങനെയൊന്നും ആയിരുന്നില്ല കേട്ടോ.. പൊട്ടിപ്പൊളിഞ്ഞു അവിടെയും ഇവിടെയും ചോര്‍ച്ച വീണ ഒരു വീടായിരുന്നു. ഞാന്‍ ഗള്‍ഫില്‍ പോയതിനു ശേഷമാണ് ഇതിനെ ഒരു വീടാക്കിയത്. അച്ഛന്‍ കൂലിപ്പണി എടുത്തു കിട്ടുന്ന കാശ് കൊണ്ടാണ് എന്നെ കുറച്ചെങ്കിലും പഠിപ്പിച്ചത്. എല്ലാരും ഗള്‍ഫില്‍ പോയി വന്നു പത്രാസു കാണിക്കുംബോഴായിരിക്കാം അച്ഛനും തോന്നിയത് എന്നെ ഒരു ഗള്‍ഫുകാരന്‍ ആക്കണമെന്ന്. അവിടുന്നും ഇവിടുന്നും കുറെ കടം വാങ്ങിയും, പുരയിടം പണയം വെച്ചും മറ്റും വിസക്കുള്ള കാശ് ഒപ്പിച്ചപ്പോള്‍ അച്ഛന്‍ ഒന്നേ പറഞ്ഞുള്ളൂ,'നീ അവിടെ ചെന്നാല്‍ ഞങ്ങളെ മറന്നെക്കരുത്, എല്ലാം തിരിച്ചെടുക്കണം എന്ന്'. അന്ന് മുതല്‍ ഞാന്‍ അച്ഛന്‍ പറഞ്ഞത് പോലെ നടന്നു.
ശ്ശൊ..നിങ്ങളെ മുഷിപ്പിച്ചോ ?
അപ്പുറത്ത് ഉച്ചത്തില്‍ ഒരു സ്ത്രീ സംസാരിക്കുന്നത് കേള്‍ക്കാം.
"എടാ അതിനെ ഇവിടെ ഇടാന്‍ പറ്റില്ലാ. എനിക്ക് സാരിയുടുക്കാനും മറ്റു കാര്യങ്ങള്‍ക്കും എവിടെ പോകും? അതിവിടെ ഒരു ഭാരമായി കിടക്കും. മാത്രമല്ല, എന്‍റെ കൂട്ടുകാരികള്‍ വരുമ്പോള്‍ സ്വകാര്യം പറയാറും എന്‍റെ മുറിയിലാ. നീ വേറെ ഇടം നോക്ക്. നിന്റെ മുറിയില്‍ പോരെ?"
ഹോ അതോ...അത് എന്‍റെ ഭാര്യയാ..
എന്നോട് നല്ല സ്നേഹമായിരുന്നു.ഗള്‍ഫിലെത്തി കുറെ കഴിഞ്ഞിട്ടായിരുന്നു വിവാഹം. വിവാഹം ആകുമ്പോഴേക്കും വീടും ചുറ്റുപാടും കുറച്ചൊക്കെ ആയി എന്ന് പറയാം. അതാവും നല്ലൊരു കുടുംബത്തീന്ന് പഠിപ്പും പത്രാസും ഉള്ളവളെ തന്നെ വധുവായി കിട്ടിയത്. വിവാഹം കഴിഞ്ഞതിനു ശേഷം അവള്‍ക്കു വേണ്ടിയായി ജീവിതം. അക്കരെയിക്കരെ ആയിരുന്നെങ്കിലും മാസമാസം വന്നു കൊണ്ടിരുന്ന ഡ്രാഫ്റ്റുകള്‍ അവളുടെ വിരഹം മറക്കുവാന്‍ സഹായിച്ചിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷവും അച്ഛനെയും അമ്മയെയും ഞാന്‍ നല്ലത് പോലെ നോക്കിയിരുന്നു. അവരുടെ അവസാന കാലത്തില്‍ ഹോം നഴ്സിനെ വെച്ചിരുന്നുവെങ്കിലും അവളും "നന്നായി" നോക്കിയിരുന്നു .
ഇപ്പോള്‍ അപ്പുറത്ത് ഒരു യുവാവിന്റെ ശബ്ദം .
"അമ്മ എന്താണ് പറയുന്നത്...എന്‍റെ മുറിയില്‍ എങ്ങനെ ആക്കും..? ആഴ്ചയില്‍ ഒരിക്കല്‍ ആണെങ്കിലും നഗരത്തീന്നു വന്നാല്‍ ഞങ്ങള്‍ക്ക് താമസിക്കെണ്ടേ? മാത്രോല്ല, എന്‍റെ പണിയും നടക്കില്ല അതവിടെ കിടന്നാല്‍. ശ്യാമക്കും കുട്ടികള്‍ക്കും അതൊരു ബുദ്ധിമുട്ട് ആകുകയും ചെയ്യും ."
അത് എന്‍റെ മോനാണ്...
കല്യാണം കഴിഞ്ഞു രണ്ട് വര്‍ഷം കഴിഞ്ഞാണ് അവന്‍ ജനിച്ചത്. ഒരു ഗള്‍ഫുകാരന്റെ എല്ലാ ആഗ്രഹങ്ങളോടും കൂടിയാണ് അവനെ വളര്‍ത്തിയത്. വേണ്ടതെല്ലാം കൊടുത്ത് അവനെ ഒരെഞ്ചിനിയര്‍ ആക്കി. ഇപ്പോളവ നഗരത്തിലെ വലിയ കമ്പനിയില്‍ നല്ല ജോലി. ഗള്‍ഫെന്ന് പറഞ്ഞാല്‍ അവനിപ്പോള്‍ പുച്ഛമാണ്. കാലം പോയ പോക്കെ. ഗ്രാമങ്ങള്‍ വരെ നഗരങ്ങളായി മാറിയിരിക്കുന്നു. ഇതെല്ലാം ഉണ്ടായത് ഈ പ്രവാസികള്‍ മൂലമാണെന്ന് ചിന്തിച്ചിരുന്നെങ്കില്‍ ..
ആ ഇരമ്പല്‍ ഒരു കാറിന്റെ ശബ്ദമാണല്ലോ.
മോളും വന്നെന്നാണ് തോന്നുന്നത്. ഇനി അവള്‍ തീരുമാനിക്കും എന്താണ് ചെയ്യേണ്ടതെന്ന്. പണ്ടെനിക്ക് മോളെ വലിയ ഇഷ്ടമായിരുന്നു. എപ്പോള്‍ വിളിച്ചാലും ഒരു ഉമ്മ തരാതെ അവള്‍ ഫോണ്‍ വെക്കില്ലായിരുന്നു .ഏതു കൂട്ടുകാരന്‍ നാട്ടില്‍ പോകുമ്പോഴും അവള്‍ക്കെന്തെങ്കിലും കൊടുത്തയച്ചില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ലായിരുന്നു. നല്ലൊരു ചെറുക്കനെ അവള്‍ക്ക് കല്യാണവും കഴിപ്പിച്ചു കൊടുത്തു. കല്യാണത്തിനു ചിലവായതിന്റെ കടം വീട്ടാന്‍ പിന്നെയും വര്‍ഷങ്ങള്‍ എടുത്തു. ഇപ്പോള്‍ അവളും ഭര്‍ത്താവും നഗരത്തിലാണ് താമസം. കാറും ജോലിയുടെ ഗമയും ഒക്കെ ആയി ഇപ്പോളവള്‍ വലുതായി, അച്ഛനായ എന്നെക്കാളും.
"വണ്ടി കൊണ്ട് വന്നിട്ടുണ്ട് ,നമുക്ക് ഇപ്പൊത്തന്നെ പോകാം. ഞാന്‍ എല്ലാം പറഞ്ഞു വെച്ചിട്ടാണ് വന്നത്. ഇപ്പോള്‍ തന്നെ ഇവിടന്നു കൊണ്ട് പോയാല്‍ മനസ്സമാധാനത്തോടെ ബാക്കിയുള്ളവര്‍ക്ക് കഴിയാല്ലോ.. എന്തേ?" അവള്‍ അമ്മയോടും ചേട്ടനോടുമായി പറഞ്ഞു.
ഹോ ഞാന്‍ അത് പറഞ്ഞില്ല അല്ലെ, ഇവര്‍ എന്തിനാണ് തര്‍ക്കിക്കുന്നത് എന്ന്.
-വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തോടു മല്ലടിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച എന്റെ സുഖങ്ങള്‍ എല്ലാം ഇവര്‍ക്ക് വേണ്ടി മാറ്റിവെച്ചു. ഇവരുടെ സുഖമാണ് എന്‍റെ സുഖം എന്ന് കരുതി ജീവിച്ച ഞാന്‍, ആ ആട് ജീവിതത്തിലെ പരക്കം പാച്ചിലിനിടയില്‍ സംഭവിച്ച അപകടത്തില്‍ മിണ്ടാനാകാതെ ഒരു വശം തളര്‍ന്നു കിടപ്പിലായപ്പോള്‍ ഇവര്‍ക്കാര്‍ക്കും വേണ്ടാതായി. സ്വന്തം പാതി എന്ന് കരുതി സ്നേഹിച്ച ഭാര്യക്ക് വേണ്ട. പെറ്റു വീണത് മുതല്‍ ഒരു നോക്ക് കാണുവാന്‍ ഉള്ളില്‍ ഒതുക്കിപ്പിടിച്ച മോഹങ്ങളുമായി നീറി നീറി ജീവിച്ച, അവരുടെ വളര്‍ച്ചകള്‍ കാണാതെ കണ്ടിരുന്ന, അച്ഛനെ സ്വന്തം മക്കള്‍ക്കും വേണ്ടാതായി. ഇപ്പോള്‍ ഒരു കാര്യത്തിനും കൊള്ളാതെ ഞാന്‍ അനാഥനായി. എന്‍റെ ശരീരത്തിന് ഒരു സ്ഥലം, ഞാന്‍ കെട്ടിയുയര്‍ത്തിയ ഈ മണിമാളികയില്‍ ഇല്ലാ എന്നാണിവര്‍ പറയുന്നത്-
വൃദ്ധ സദനത്തിന്റെ വാനിലേക്ക് കട്ടില്‍ അടക്കം വലിച്ചെറിയപ്പെടുമ്പോള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാന്‍ ആകാതെ, ഒന്ന് കണ്ണീര്‍ വാര്‍ക്കാന്‍ കഴിയാതെ ആ മനസ്സ് മന്ത്രിച്ചത് ഇങ്ങനെയാവാം അല്ലെ?
-അതേടോ പ്രവാസി ഒരു ഏ ടി എം ആണ്. കാശ് ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കപ്പെടുന്ന ഏ ടി എം. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയപ്പെടുന്ന ഒരു കാര്‍ഡിന്റെ വിലയെ പ്രവാസിക്കുള്ളൂ. ഇനി എങ്കിലും ഈ അനുഭവം വരാതിരിക്കണമെങ്കില്‍ പ്രവാസികളെ സ്വയം ജീവിക്കാന്‍ മറക്കരുതേ....
പ്രവാസത്തിന്റെ കാണാ കാഴ്ചകള്‍ ...
Written By ആചാര്യന്‍ on Jan 12, 2011 | 9:53 AM
Labels:
ആചാര്യന്‍,
ഇംതിയാസ് -ആചാര്യന്‍,
പ്രവാസി,
ലേഖനം
Post a Comment